
പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭരണകൂടത്തിനുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന ‘നോ കിങ്സ്’പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായി മിനസോട്ട. ശനിയാഴ്ച അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലായി നടന്ന 3,100-ലധികം റാലികളിൽ ഒമ്പത് ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായാണ് സംഘാടകർ വ്യക്തമാക്കുന്നത്.
മിനസോട്ടയിലെ സെന്റ് പോളിൽ നടന്ന പ്രധാന ചടങ്ങിൽ ഒരു ലക്ഷത്തോളം പ്രതിഷേധക്കാരാണ് ഒത്തുചേർന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾ നിരീക്ഷിക്കുന്നതിനിടെ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മിനസോട്ട ഈ പ്രക്ഷോഭത്തിന്റെ ആസ്ഥാനമായി മാറിയത്.
പ്രശസ്ത ഗായകൻ ബ്രൂസ് സ്പ്രിങ്സ്റ്റീൻ, ഗായിക ജോൻ ബെയ്‌സ്, നടി ജെയ്ൻ ഫോണ്ട, സെനറ്റർ ബെർണി സാൻഡേഴ്‌സ് തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് സെന്റ് പോൾ റാലി ശ്രദ്ധേയമായി. കൊല്ലപ്പെട്ടവർക്കുള്ള ആദരസൂചകമായി സ്പ്രിങ്സ്റ്റീൻ അവതരിപ്പിച്ച ഗാനം പ്രതിഷേധക്കാർക്ക് ആവേശമായി.
നഗരങ്ങളിൽ മാത്രമല്ല, ഐഡഹോ, വയോമിങ് തുടങ്ങിയ സ്റ്റേറ്റുകളിലും ജനങ്ങൾ വൻതോതിൽ തെരുവിലിറങ്ങിയത് ട്രംപ് ഭരണകൂടത്തോടുള്ള വർധിച്ചുവരുന്ന ജനരോഷത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. പാരിസ്, റോം തുടങ്ങിയ ലോക നഗരങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു.
അതേസമയം, പ്രക്ഷോഭങ്ങളെ വൈറ്റ് ഹൗസ് പൂർണ്ണമായും തള്ളിക്കളഞ്ഞു. രാജ്യം രാജാക്കന്മാരുടേതോ ഏകാധിപതികളുടേതോ അല്ലെന്നും അത് ജനങ്ങളുടേതാണെന്നും ഇൻഡിവിസിബിൾ (Indivisible), മൂവ് ഓൺ (MoveOn) തുടങ്ങിയ സംഘാടക സമിതികൾ തിരിച്ചടിച്ചു. ഇറാനുമായുള്ള യുദ്ധസാഹചര്യവും കോടതികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണ് ജനങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്