
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ക്യൂബയാണ് അടുത്തത്' എന്ന മുന്നറിയിപ്പ് നൽകിയതോടെ അമേരിക്കയുടെ വിദേശനയ നീക്കങ്ങളെ ചുറ്റിപ്പറ്റി അന്താരാഷ്ട്ര ആശങ്കകൾ കനത്തു.
മയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്രയോറിറ്റി സമ്മിറ്റിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഈ വിവാദപരമായ പരാമർശം നടത്തിയത്.
അമേരിക്കൻ സൈന്യം വെനസ്വേലയിൽ നടത്തിയ റെയ്ഡിൽ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ ജനുവരി 3ന് പിടികൂടിയതും തുടർന്ന് ഇറാനെതിരെ ഇസ്രായേലുമായി ചേർന്ന് ഫെബ്രുവരി 28 മുതൽ തുടരുന്ന സംയുക്ത സൈനിക നടപടികൾക്കും പിന്നാലെ ലോകരാജ്യങ്ങളിൽ ആശങ്ക നിലനിൽക്കെയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്.
ദശാബ്ദങ്ങളായി തുടരുന്ന അമേരിക്കൻ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ ക്യൂബ ഗുരുതരമായ സാമ്പത്തിക-ഇന്ധന പ്രതിസന്ധി നേരിടുകയാണ്. ഇന്ധനക്ഷാമം രാജ്യത്തെ മാനവീയ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം ആദ്യം തന്നെ ക്യൂബ വളരെ പെട്ടെന്ന് വീഴും എന്ന തരത്തിലുള്ള സൂചനയും ട്രംപ് നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രധാന ശ്രദ്ധ ഇറാനിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രസംഗത്തിനിടെ ട്രംപ് നാറ്റോ 'പേപ്പർ ടൈഗർ' എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കയ്ക്ക് ആവശ്യമായ സമയത്ത് സഖ്യകക്ഷികൾ പിന്തുണ നൽകിയില്ലെന്നാരോപിച്ചാണ് ട്രംപ് സംഘടനയെ കടുത്ത ഭാഷയിൽ വിമർശിച്ചത്. നാറ്റോ തങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ എന്തിന് അവർക്കുവേണ്ടി നിലകൊള്ളണം എന്നാണ് ട്രംപ് ചോദിച്ചത്. യൂറോപ്യൻ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, യുദ്ധം കഴിഞ്ഞശേഷമാണ് സഹായ വാഗ്ദാനങ്ങൾ ലഭിച്ചതെന്ന് ആരോപിച്ചു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള നേതാക്കളുമായി നടത്തിയ ചർച്ചകളും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ട്രംപിന്റെ ഈ പ്രസ്താവനകൾ ലാറ്റിൻ അമേരിക്കയിലേക്കുള്ള അമേരിക്കൻ നയത്തിന്റെ ഭാവിയെക്കുറിച്ചും ട്രാൻസ്-അറ്റ്ലാന്റിക് സഖ്യബന്ധങ്ങളുടെ സ്ഥിരതയെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.