Image

മോദി- ട്രംപ് ചർച്ചയിൽ മസ്‌ക് ? വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

Published on 28 March, 2026
മോദി- ട്രംപ് ചർച്ചയിൽ മസ്‌ക് ? വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന നിർണ്ണായകമായ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്‌ക് പങ്കെടുത്തുവെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുനേതാക്കളും നടത്തിയ ചർച്ചയിൽ മസ്‌കിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളി.

പേര് വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് ആണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. എന്നാൽ മാർച്ച് 24-ന് നടന്ന സംഭാഷണം ഇരു രാഷ്ട്രത്തലവൻമാർക്കിടയിൽ മാത്രമായിരുന്നുവെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും മാത്രമാണ് നേതാക്കൾ സംസാരിച്ചതെന്നും ഇന്ത്യ ആവർത്തിച്ചു.

ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത സൈനിക നീക്കം നടത്തിയതിന് ശേഷം മോദിയും ട്രംപും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമായിരുന്നു ഇത്. അതീവ ഗൗരവകരമായ ഇത്തരം നയതന്ത്ര ചർച്ചകളിൽ ഒരു സ്വകാര്യ വ്യക്തി ഇടപെടുന്നത് അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് നൽകിയത്. 

കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടവുമായി അകന്ന മസ്‌ക് ഈ വിവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക