Image

പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്കായി സൗദി, തുർക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ നാളെ ഇസ്ലാമബാദിൽ

Published on 28 March, 2026
പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്കായി സൗദി, തുർക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ നാളെ ഇസ്ലാമബാദിൽ


ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം പരിഹരിക്കുന്നതിനായി നിർണ്ണായക നീക്കങ്ങളുമായി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ മാർച്ച് 29, 30 തീയതികളിൽ പാകിസ്ഥാനിലെത്തും. സന്ദർശനത്തിന് മുന്നോടിയായി ഇറാൻ പ്രസിഡന്റ് മഹ്മൂദ് പെഷ്ടിയാൻ പാക്ക് പ്രധാനമന്ത്രിയുമായി ഒരു മണിക്കൂറിലധികം ഫോണിൽ സംസാരിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ഫോൺ സംഭാഷണത്തിൽ മേഖലയിൽ നിലവിലുള്ള ശത്രുതകളെക്കുറിച്ചും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

സമാധാന ശ്രമങ്ങളിൽ പാക്കിന്റെ ഇടപെടലിനെ ഇറാൻ പ്രശംസിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ, ഈജിപ്ത്  വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദലാറ്റി എന്നിവരാണ് ഇസ്ലാമാബാദിലെത്തുന്നത്. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഉന്നതതല ചർച്ചകളാണ് നടക്കുന്നത്. ഇവർ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും കൂടിക്കാഴ്ച നടത്തും.


ഇസ്ലാമാബാദ് യോഗത്തിൽ അമേരിക്കയോ ഇറാനോ പങ്കെടുക്കുമോ എന്നതിനെക്കുറിച്ച് സൂചനകളില്ല. മേഖലയിലെ സംഘർഷങ്ങൾ ലഘുകരിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ വിദേശകാര്യ മന്ത്രിമാർ ആഴത്തിലുള്ള ചർച്ചകൾ നടത്തുമെന്നും വിശിഷ്ടാതിഥികൾ പ്രധാനമന്ത്രിയെയും സന്ദർശിക്കുമെന്നും ഇതു സംബന്ധിച്ച് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

 ഇറാനും അമേരിക്കയ്ക്കും ഇസ്രായേലിനും ഇടയിലുള്ള സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തെ അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നീക്കത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ചർച്ചകളുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ കാത്തിരിക്കാനാണ് വൈറ്റ് ഹൗസിന്റെ തീരുമാനം. അഫ്സാനിസ്ഥാനിലെ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യയുടെ പങ്കിനെ കുറിച്ചുമുള്ള ആരോപണങ്ങൾ ഷെഹ്ബാസ് ഷെരീഫ് ആവർത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക