
കാന്റർബറി അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുത്ത ആർച്ച്ബിഷപ് സാറാ മുള്ളാലി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായെ സന്ദർശിക്കും. മാർച്ച് 26 വ്യാഴാഴ്ച അതിരൂപതാദ്ധ്യക്ഷ എന്ന സ്ഥാനം ഏറ്റെടുത്ത ആർച്ച്ബിഷപ് മുള്ളാലി, ഏപ്രിൽ 25 മുതൽ 28 വരെ തീയതികളിൽ റോം സന്ദർശിക്കുന്ന അവസരത്തിലായിരിക്കും പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തുകയെന്ന് അതിരൂപതയുടെ വെബ്‌സൈറ്റ് വ്യക്തമാക്കി.
താൻ കാന്റർബറി അതിരൂപതാദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ തനിക്ക് കത്തയച്ചതിലുള്ള സന്തോഷം, സാമൂഹ്യമാധ്യമമായ എക്‌സിൽ മാർച്ച് 26-ന് കുറിച്ച സന്ദേശത്തിലൂടെ അറിയിച്ച ആർച്ച്ബിഷപ് മുള്ളാലി, താനും പരിശുദ്ധ പിതാവിന് തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും, പാപ്പായെ ഉടൻ കാണാൻ ആഗ്രഹിക്കുന്നുവെന്നും എഴുതി.
ക്രൈസ്തവ ഐക്യവും, സൗഹൃദകൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ പ്രതിബദ്ധതയും ആംഗ്ലിക്കൻ സഭാനേതൃത്വത്തിലുള്ള ആർച്ച്ബിഷപ് മുള്ളാലി തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി. അതിരൂപതാദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന അവസരത്തിലേക്കായി, പരിശുദ്ധ പിതാവ് അയച്ച കത്തിലെ പ്രോത്സാഹനവാക്കുകൾക്കും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനകൾക്കും ആർച്ച്ബിഷപ് മുള്ളാലി, പാപ്പായ്ക്ക് അയച്ച തന്റെ കത്തിലൂടെ നന്ദി രേഖപ്പെടുത്തി.
കാന്റർബറി ആർച്ച്ബിഷപ്പെന്ന നിലയിൽ ആംഗ്ലിക്കൻ സഭൈക്യത്തിന്റെ ഭാഗമായി, ഐക്യത്തിന്റെ ഉപകരണമായി വർത്തിക്കാനും, നമ്മുടെ കർത്താവായ ക്രിസ്തു നമ്മെ വിളിച്ചിട്ടുള്ള പൂർണ്ണവും ദൃശ്യവുമായ ഐക്യത്തിനായി പരിശ്രമിക്കാനുമാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ആർച്ച്ബിഷപ് മുള്ളാലി എഴുതി.
ആർച്ച്ബിഷപ് സാറ മുള്ളാലി കാന്റർബറി ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധിയായി, ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോഹ്, ഡികാസ്റ്ററി സെക്രെട്ടറി അർച്ചബിഷപ് ഫ്‌ളാവിയോ പാചെ തുടങ്ങിയവരും സംബന്ധിച്ചിരുന്നു.