
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹ്യമാദ്ധ്യമം വഴി അധിക്ഷേപിച്ച പ്രതിയ്ക്ക് മാനസികപ്രശ്നമെന്ന് കണ്ടെത്തൽ. പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.
കാപ്പക്കേസിലെ പ്രതിയായിരുന്ന ഇയാളെ മാനസികപ്രശ്നങ്ങളെ തുടർന്ന് കാപ്പയിൽ നിന്ന് ഒഴിവാക്കിയിരുന്നെന്ന് അന്വേഷണസംഘം അറിയിച്ചു. പാണക്കാട് മുഈനലി തങ്ങൾ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഷാൻ ഷാനു എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു ആദ്യം പോസ്റ്റ് എത്തിയത്. വ്യാജ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവില്‍ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. 15 കോടിയാണ് ഇയാൾ തട്ടിയെടുക്കാൻ നോക്കിയത്. ഇതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി, സാദിഖലി തങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിടുകയായിരുന്നു.