
റോമൻ കത്തോലിക്കാ സഭയിലേക്കു ഒഴുക്ക് വർധിക്കുന്നതായി കണക്കുകൾ. അമേരിക്കയിൽ നിന്നുള്ള ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ വർഷത്തിൽ തന്നെ രാജ്യത്തെ കത്തോലിക്കാ പള്ളികളിൽ പുതിയ വിശ്വാസികളുടെ എണ്ണം വർധിക്കുകയാണ്.
ഈസ്റ്ററിനു ഡിട്രോയിറ്റ് അതിരൂപത 1,428 പുതിയ വിശ്വാസികളെ സ്വീകരിക്കും. 21 വർഷത്തിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഗാൽവേസ്റ്റണ്-ഹ്യുസ്റ്റൺ അതിരൂപത 15 വർഷത്തിൽ ഏറ്റവുമധികം വിശ്വാസികളെ പുതുതായി അംഗീകരിക്കും. ഡെസ് മൊയ്‌നസ് രൂപതയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 51% വർധനയാണ് കാണുന്നത്: 265ൽ നിന്ന് 400ലേക്ക്.
ഈസ്റ്റർ വിജിൽ കുർബാന മധ്യേയാണ് പുതിയ വിശ്വാസികളെ സ്വീകരിക്കുക. ഏപ്രിൽ 5 ഈസ്റ്റർ ഞായറാഴ്ച്ചയുടെ തലേന്ന്.
എന്താണ് ഈ വർധനയ്ക്ക് പിന്നിലെന്നു സഭാ നേതാക്കൾ ചിന്തിക്കുന്നു. "തീർച്ചയായും പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്," വാഷിംഗ്ടണിലെ കർദിനാൾ റോബർട്ട് മക്എൽറോയ് 'ന്യൂ യോർക്ക് ടൈംസ്' പത്രത്തോടു പറഞ്ഞു.
അടുത്തൊരു സമ്മേളനത്തിനിടയിൽ ചില ബിഷപ്പുമാർ മറ്റു ബിഷപ്പുമാരോട് 'നിങ്ങൾക്കു എത്ര പേർ പുതുതായി വരുന്നു' എന്നു ചോദിക്കുന്നതു കേട്ടുവെന്നു അദ്ദേഹം ഓർമിച്ചു.
പത്രത്തിനു കിട്ടിയ കണക്കനുസരിച്ചു രാജ്യത്തെ ഏറ്റവും വലിയ രൂപതകളിൽ ലോസ് ഏഞ്ജലസ്, ഫീനിക്‌സ് എന്നിവയും ചെറിയ ഇടങ്ങളിൽ ന്യൂ മെക്സിക്കോയിലെ ഗാലപ്, പെൻസിൽവേനിയയിലെ അലൻടൗൺ തുടങ്ങിയവയും വൻ തോതിലുള്ള വിശ്വാസികളുടെ വരവ് അറിയിച്ചു.
സെന്റ് ലൂയിസിലെ ആർച്ച്ബിഷപ് മിച്ചൽ തോമസ് റോസൻസ്‌കി പറഞ്ഞു: "അനിശ്ചിതത്വം നിറഞ്ഞ നമ്മുടെ ഈ കാലഘട്ടത്തിൽ, ആശങ്കകൾ നിറയുമ്പോൾ ദൈവത്തിനു വേണ്ടിയുള്ള ദാഹം ഉണ്ടാവും. ജീവിതത്തിനു ഭദ്രത കൊണ്ടുവരുന്ന വിശ്വാസത്തിനു വേണ്ടിയുള്ള ആഗ്രഹവും."
ടെക്നോളജി മനുഷ്യനെ വിഭജിക്കയും കോവിഡ് ഏകാന്തത അടിച്ചേൽപിക്കയും ചെയ്തപ്പോൾ ഏറ്റവും ഏകാകികളായവർ 18 മുതൽ 35 വരെ പ്രായമുള്ളവർ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓർത്തോഡോക്സ് സഭകളിലും അടുത്ത കാലത്തു ഗണ്യമായ വർധന ഉണ്ടായെന്നാണ് കണക്ക്. എല്ലാ സംഘടിത മതങ്ങളിലും അത് സംഭവിച്ചോ എന്നു വ്യക്തമല്ല.
Roman Catholic Churches See a Surge of New Converts