Image

ഏദനിലെ താമസക്കാർ (നോവല്‍-9 : ലൈല അലക്‌സ്)

Published on 27 March, 2026
ഏദനിലെ താമസക്കാർ (നോവല്‍-9 : ലൈല അലക്‌സ്)

റീത്താമ്മ ഫോണിൽ പറഞ്ഞതൊക്കെ കേട്ട് തരിച്ചു നിൽക്കുകയായിരുന്നു സാറാക്കുട്ടി. എന്താണ് പറയേണ്ടതെന്നോ, വിശ്വസിക്കേണ്ടത് എന്നോ അറിയാതെ.... ബീനയെ അപായപ്പെടുത്താൻ വനജ എന്തിന് ശ്രമിക്കണം? അവർ തമ്മിൽ എന്തെങ്കിലും പരിചയം ഉള്ളതായിപ്പോലും അറിയില്ല. ആദ്യം ഊമക്കത്ത്‌.... അതിനു പിന്നാലെ ഇത്.... 
സംഭവം നടന്നിട്ട് ഇത്രയും ദിവസം ആയിട്ട് ഇതൊന്നും തന്നോട് ആരും പറഞ്ഞതുമില്ല. വനജയോ, രാജീവനോ, അവിടുത്തെ ജോലിക്കാരോ ആരും. ഇന്നിപ്പോൾ റീത്താമ്മ വിളിച്ചു പറഞ്ഞത് കൊണ്ട്  മാത്രമാണ് താൻ അറിഞ്ഞത്.
ആരെയും അസൂയപ്പെടുത്തുന്നതുപോലെ സന്തോഷമായി കഴിഞ്ഞിരുന്ന ഒരു കുടുംബം... എന്താണ് അവിടെ സംഭവിക്കുന്നത്? സാറാക്കുട്ടിക്ക് തല  പെരുക്കുന്നു എന്ന്  തോന്നി. അവർ  കട്ടിലിൽ തളർന്നിരുന്നു.
ർ ർ ർ ർ .....
സാറാക്കുട്ടിയുടെ ഫ്ളാറ്റിലെ ഡോർ ബെൽ ശബ്ദിച്ചു. 
'ആരാണ് ഈ നേരത്ത്' എന്ന നീരസത്തോടെ സാറാക്കുട്ടി വാതിൽ തുറന്നു. അവരുടെ സഹോദരനായ അച്ചനാണെന്നു കണ്ടപ്പോൾ ആ നീരസം മാറി പകരം, പറയാനാവാത്ത സമാധാനം തോന്നി. മനസ്സിൻറെ ഭാരം ഇറക്കി വെക്കാൻ ദൈവം അയച്ച അത്താണി.  
'അച്ചനോ?' സാറാക്കുട്ടി അച്ചനെ അകത്തേക്ക് ക്ഷണിച്ചു.
ഫാദർ കുര്യാക്കോസ് മറയൂരിനടുത്തുള്ള ഒരു ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിക്കുകയാണ്. ഇടവകയോട് ചേർന്നുള്ള സ്‌കൂളിൻറെ ചുമതലയും അച്ചനുണ്ട്. 
‘എന്ത് പറ്റി, ഇങ്ങോട്ടൊക്കെ ഒന്ന് വരാൻ? സ്‌കൂളിൻറെ ആവശ്യത്തിന് ഇറങ്ങിയതായിരിക്കും അല്ലേ?'
സ്‌കൂളിൻറെ നടത്തിപ്പിന് പണം ആവശ്യമായി വരുമ്പോൾ, അച്ചൻ സഹോദരിയെയാണ് പലപ്പോഴും ആശ്രയിക്കാറുള്ളത്. സാറാക്കുട്ടി അറിഞ്ഞു സഹായിക്കുകയും ചെയ്യും. 
'അതെന്നാ അമ്മാമ്മേ അങ്ങനെ പറഞ്ഞത്? എനിക്ക് അമ്മാമ്മയെ ഇടയ്ക്കൊക്കെ ഒന്ന് കാണണമെന്നു തോന്നിക്കൂടേ?'
'ങും... അതൊരു പുതിയ പതിവാണല്ലോ...’, സാറാക്കുട്ടി ചിരിച്ചു. 
'ങും... എന്തൊക്കെയാ ഇവിടെ വിശേഷങ്ങൾ?'    
കുറെയേറെ ദിവസങ്ങളായി, സഹോദരിയുടെ നിസ്സഹായമായ മുഖം പ്രാർത്ഥനാവേളകളിൽ അച്ചൻറെ മനസ്സിൽ തെളിയാൻ തുടങ്ങിയിട്ട്... എന്തെങ്കിലും ഉണ്ടെങ്കിൽ അവർ തന്നോട് പറയട്ടെ എന്ന് കരുതിയിരിക്കയായിരുന്നു അച്ചൻ. അതുമല്ല, തൻറെ തോന്നലുകൾ പറഞ്ഞു അവരെ ഭയപ്പെടുത്തേണ്ട എന്നും കരുതി. പക്ഷെ, ദിവസങ്ങൾ കഴിയുന്തോറും ആ ദുസൂചനകളുടെ ആക്കം കൂടിവരുന്നതായി തോന്നിത്തുടങ്ങിയപ്പോൾ അച്ചന് വരാതെയിരിക്കാൻ കഴിഞ്ഞില്ല.
'വിശേഷങ്ങൾ എന്ന് പറയാൻ വയ്യ.’ 
‘എന്താ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?'
ആ ചോദ്യം കേട്ടപ്പോൾ, അച്ചൻറെ ആഴമേറിയ പ്രാർത്ഥന ജീവിതവും, അസാധാരണമായ സിദ്ധിവിശേഷങ്ങളും നന്നായി അറിയാവുന്ന സാറാക്കുട്ടിയുടെ കണ്ണ് നിറഞ്ഞു പോയി. 
‘ഈയിടെയായി ചിലതൊക്കെ നടക്കുന്നു. ഒരു സമാധാനവും ഇല്ല. ഏതോ ദോഷം ബാധിച്ചപോലെ.’ സാറാക്കുട്ടി പറഞ്ഞു.
'ഞാൻ അച്ചനെ ഒന്ന് കാണണമെന്ന് കരുതിയതേയുള്ളൂ. ദൈവം എൻറെ മനസ്സ് കണ്ട് അച്ചനെ കൊണ്ടുവന്നതാണ് ഇവിടേക്ക്... വേണ്ടിവന്നാൽ അങ്ങ് മറയൂരിലേക്കു വരാനിരിക്കുകയായിരുന്നു.' അവർ പറഞ്ഞു 
'എന്നെ കാണാനോ?' ദൂരക്കൂടുതൽ കാരണം സാറാക്കുട്ടി വളരെ അപൂർവമായേ അച്ചനെ കാണാൻ അങ്ങോട്ട് പോകാറുള്ളൂ. 'അപ്പോൾ എൻറെ തോന്നൽ ശരിയായിരുന്നു. സാറാമ്മാമ്മയ്ക്കു എന്തോ സങ്കടമുണ്ട്...'
'പറയാം. അച്ചന് കുടിക്കാൻ എന്താ വേണ്ടത്?' സാറാക്കുട്ടി ചോദിച്ചു. 
'ഇപ്പോൾ ഒന്നും വേണ്ട... എനിക്ക് ഉച്ച കഴിഞ്ഞ് അരമനയിൽ ഒന്ന് പോകണം. ഒരു ടീച്ചറിൻറെ ട്രാൻസ്‌ഫർ കാര്യത്തിന് തിരുമേനിയെ കാണാൻ. അമ്മാമ്മയ്ക്കു പറയാനുള്ളത് എല്ലാം കേട്ട് കഴിഞ്ഞ് നാളെ രാവിലെയേ തിരിച്ചു പോകുന്നുള്ളൂ. ഇടവകയിൽ കൊച്ചച്ചൻ ഉണ്ട്'
'നന്നായി. എത്ര കാലം കൂടിയാ അച്ചൻ ഒന്ന് വന്നത്. എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.’  സാറാക്കുട്ടിക്കു എന്തെന്നില്ലാത്ത സമാധാനം തോന്നി.
‘രാജീവൻറെ വീട് വരെ ഒന്ന് പോകണം. അവിടെ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ട്. എല്ലാം വിശദമായി പറയാം’.  
'ങ്ങും...' അച്ചൻ മൂളി. അച്ചനെ വിരുന്നുകാർക്കുള്ള മുറിയിൽ കൊണ്ടുചെന്നാക്കി, അച്ചൻറെ ബാഗും മറ്റും ഒതുക്കിവെക്കാൻ സഹായിച്ചിട്ടു സാറാക്കുട്ടി അകത്തേക്കു നടന്നു. 
'അച്ചൻ ഒന്ന് ഫ്രഷ് ആകൂ... ഞാൻ ഇപ്പോൾ വരാം.'
സാറാക്കുട്ടി അകത്തു ചെന്ന് തനിക്കു കിട്ടിയ ആ കത്ത് എടുത്തുകൊണ്ടുവന്ന്, അച്ചൻറെ കയ്യിൽ കൊടുത്തു. പക്ഷെ, ആ കത്ത് കയ്യിൽ വാങ്ങുമ്പോൾ അച്ചൻറെ മനസ് പറഞ്ഞു
ഇതല്ല. തൻറെ പ്രാർത്ഥനയിൽ തെളിയുന്ന രൂപങ്ങൾ…  പ്രാർത്ഥനാവേളകളിൽ ഒന്നിലേറെ തവണ കണ്ടു. ഇരയെ തേടി, തക്കം പാർത്തിരിക്കുന്ന കണ്ണുകൾ.... ദൂരെ, ദൂരെ നിന്നും നീണ്ടു വരുന്ന നീരാളിക്കൈകൾ...   .
'ഇതാണോ അമ്മാമ്മ പറഞ്ഞ പ്രശ്‍നം?  ഊമക്കത്തോ? അതിന് കത്ത് എഴുതുന്നവർ ആരെങ്കിലും ഇക്കാലത്ത് ഉണ്ടോ' 
അച്ചൻ നിസാരമായി പറഞ്ഞുകൊണ്ടു അതൊന്നു ഓടിച്ചു നോക്കി.
'ഇത്‌ ആരെങ്കിലും മൈൻഡ് ചെയ്യുമോ ഇക്കാല ത്ത്? ഏതെങ്കിലും അസൂയക്കാർ ചെയ്യുന്നതാണെന്ന് ആർക്കാണ് അറിയാത്തത്? വലിച്ചു കീറി ദൂരെ കളയൂ' അച്ചൻ പറഞ്ഞു. 
സാറാക്കുട്ടി ഒന്നും മിണ്ടിയില്ല. 
'വനജയോട് ആർക്കെങ്കിലും വിരോധം ഉണ്ടോ?' അച്ചൻ ചോദിച്ചു 
അറിയില്ല എന്ന് സാറാക്കുട്ടി കൈ മലർത്തി.  എങ്കിലും,  ആ കത്ത് അങ്ങനെ നിസാരമായി തള്ളാൻ ആവില്ല എന്ന് അവരുടെ മുഖം പറയുന്നുണ്ടായിരുന്നു.   
ഒന്ന് നിർത്തി അച്ചൻ ചോദിച്ചു: 'ജോലിക്കാരെ ആരെയെങ്കിലും പറഞ്ഞു വിടുകയോ മറ്റോ ഉണ്ടായിട്ടുണ്ടോ? ഉണ്ടാവും. ഈ ഭാഷ കണ്ടിട്ട്  ഇതിനു പിന്നിൽ അങ്ങനെ ആരെങ്കിലും ആണെന്നാ എനിക്ക് തോന്നുന്നത്. നോക്കിക്കേ... കണ്ടാൽ തന്നെ അറിഞ്ഞുകൂടേ ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആരോ ഉണ്ടാക്കിയതാണെന്ന്‌. അതിരിക്കട്ടെ, വനജ എന്ത് പറഞ്ഞു?'  
'വനജയോട് ഇങ്ങനെ ഒരു കത്തു വന്ന കാര്യം പറഞ്ഞിട്ടേയില്ല....'
'അതെന്താ?'
'അതാണ് എനിക്ക് അച്ചനോട് പറയാനുളളത്. ഈയിടെയായി അവിടെ ചിലതൊക്കെ സംഭവിക്കുന്നു....'
‘ഈ കത്ത് വന്നപ്പോൾ ഞങ്ങളും അച്ചൻ പറഞ്ഞത് പോലെ അസൂയക്കാരോ വല്ലോം ചെയ്യുന്നതാണെന്നേ കരുതിയിരുന്നുള്ളൂ. പക്ഷെ, കുറച്ച് ദിവസം മുൻപ് ഒരു സംഭവം ഉണ്ടായി.  ഞാൻ ഇന്നാണ് അറിഞ്ഞത്.'
അടുത്ത വീട്ടിൽ വച്ചുണ്ടായ സംഭവം സാറാക്കുട്ടി വിശദമായി അച്ചനോട് പറഞ്ഞു.
'എന്താ അച്ചാ ഇതിൻറെയൊക്കെ അർത്ഥം? ബീനയെ അപായപ്പെടുത്താൻ വനജ എന്തിനാ ശ്രമിക്കുന്നത്?'
'ഇതൊക്കെ അമ്മാമ്മയോട് ആരാ പറഞ്ഞത്?'
'റീത്താമ്മ. റീത്താമ്മയെ അച്ചന് അറിയില്ലേ?' 
'ഉം... റീത്താമ്മയും ജോർജും നിങ്ങളുടെ അയൽക്കാർ...' 
‘അവിടെ എന്തോ ദോഷമുണ്ട്  എന്ന് എൻറെ മനസ്സ് പറയുന്നു. ഇതൊക്കെക്കൊണ്ടാണ് അച്ചനെ കാണണമെന്നു കരുതിയത്.’
'നിങ്ങൾ വനജയോട് ചോദിച്ചോ?'
'ഇല്ല. ഞാൻ ഇന്ന് അങ്ങോട്ട് പോകാനിരിക്കയാണ്. അപ്പോഴാ അച്ചൻ വന്നത്...  അച്ചൻ വനജയുടെ തലയിൽ കൈവെച്ച് ഒന്ന്   പ്രാർത്ഥിക്കണം. നമുക്ക് ഒന്നിച്ചു പോകാം’
‘ങും...’
അച്ചൻ മൂളി.


Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക