ഇടക്കാല തിരഞ്ഞെടുപ്പ് സൈക്കിളിനു മുൻപ് വിവിധ മത്സരങ്ങളിൽ പ്രവേശിച്ച ആറ് ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾക്കു ഇന്ത്യൻ അമേരിക്കൻ ഇമ്പാക്റ്റ് പിന്തുണ പ്രഖ്യാപിച്ചു. സൗത്ത് ഏഷ്യൻ അമേരിക്കൻ രാഷ്ട്രീയ സാന്നിധ്യം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന സംഘടന പിന്തുണയ്ക്കുന്നത് ഇവരെയാണ്:
- മെരിലാൻഡ് സ്റ്റേറ്റ് സെനറ്റ് സ്ഥാനാർഥി അമർ മുകുന്ദ. സംരംഭകനും അധ്യാപകനും എൻജിനീയറും മുൻ സൈനികനുമാണ്. പ്രാദേശിക ബിസിനസുകളെ സഹായിക്കുമെന്ന് ഉറപ്പു നൽകുന്ന അദ്ദേഹം കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യ രക്ഷാ ചെലവുകൾ കുറയ്ക്കുമെന്ന വാഗ്‌ദാനവും മുന്നോട്ടു വയ്ക്കുന്നു. തോക്കു കൊണ്ടുള്ള അക്രമം തടയാൻ ശ്രമിക്കും.
- ടെക്സസ് ഹാരിസ് കൗണ്ടിയിൽ വീണ്ടും മത്സരിക്കുന്ന ജഡ്‌ജ് മൻപ്രീത് മോണിക്ക സിംഗിനു ഇമ്പാക്റ്റ് പിന്തുണ നൽകുന്നത് അവരെ മികവുറ്റ ജൂറിസ്റ്റും സമൂഹ നേതാവുമായി കണ്ടാണ്. 2022ൽ ഹാരിസ് കൗണ്ടി സിവിൽ കോടതിയിൽ ആദ്യ സിഖ് ജഡ്ജായ അദ്ദേഹം രണ്ടു പതിറ്റാണ്ടിന്റെ നിയമപരിഞ്ജാനം നേടി.
- മെരിലാൻഡ് സ്റ്റേറ്റ് സെനറ്റിലേക്കു തന്നെ മത്സരിക്കുന്ന രഹീല അഹ്‌മദ് വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളുടെ മികവിലാണ് ഇമ്പാക്റ്റിന്റെ അംഗീകാരം നേടിയത്. പ്രിൻസ് ജോർജ് കൗണ്ടി ബോർഡ് ഓഫ് എജുക്കേഷൻ അംഗമായിരുന്ന അവർ പൗരാവകാശ പ്രവർത്തനങ്ങളിലും സജീവമാണ്.
- കൊളറാഡോ ഹൗസിലേക്കു സ്ഥാനാർഥിയായ നീൽ വാഡിയയ്ക്കും ഇമ്പാക്റ്റ് പിന്തുണ നൽകുന്നു. സമൂഹ നേതാവായ അവർ ആരോഗ്യ രക്ഷയിലും കുടിയേറ്റ വിഷയങ്ങളിലും ശ്രദ്ധ വച്ചു പ്രവർത്തിക്കുന്നു.
- കാലിഫോർണിയ അസംബ്ലി അംഗം ദർശന പട്ടേൽ വീണ്ടും മത്സരിക്കുമ്പോൾ ഇമ്പാക്റ്റിന്റെ പിന്തുണയുണ്ട്. ശാസ്ത്ര ഗവേഷകയും സ്കൂൾ ബോർഡ് പ്രസിഡന്റുമാണ് പട്ടേൽ.
- വെർമെണ്ട് സ്റ്റേറ്റ് സെനറ്റ് സ്ഥാനാർഥി നിഖിൽ ഗോയലും ഇമ്പാക്റ്റിന്റെ പിന്തുണ നേടി. സെനറ്റർ ബെർണി സാന്ഡേഴ്സിനു നയ ഉപദേശം നൽകിയിരുന്ന ഗോയൽ ഫെഡറൽ നയങ്ങളിലും ജുവനൈൽ ജസ്റ്റിസിലും പരിചയം നേടി.
IA Impact endorses six Indian Americans across key races