Image

വിവാഹിതന് ഉഭയസമ്മതപ്രകാരം മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടാം ; അലഹബാദ് ഹൈക്കോടതി

Published on 27 March, 2026
വിവാഹിതന് ഉഭയസമ്മതപ്രകാരം മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടാം ; അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: വിവാഹിതന്‍ ഉഭയസമ്മതപ്രകാരം മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ സ്വദേശികളും ലിവ് ഇന്‍ പങ്കാളികളുമായ അനാമിക, നേത്രപാല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. അനാമികയുടെ അമ്മ കാന്തിയാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് അനാമികയും നേത്രപാലും കോടതിയെ സമീപിക്കുകയായിരുന്നു.

സദാചാരവും നിയമവും രണ്ടാണെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ സ്ത്രീയോടൊപ്പം പരസ്പര സമ്മതത്തോടെയുള്ള ലിവ് ഇന്‍ റിലേഷന്‍ കുറ്റകരമല്ലെന്നും കോടതി പറഞ്ഞു. പൗരന്മാരുടെ അവകാശം സംരക്ഷിക്കാനുള്ള കോടതി നടപടികള്‍ സാമൂഹിക അഭിപ്രായങ്ങളോ ധാര്‍മികതയോ അടിസ്ഥാനപ്പെടുത്തിയല്ലെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരെ അറസ്റ്റ് ചെയ്യരുതെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി. പങ്കാളികള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടാക്കരുതെന്ന് യുവതിയുടെ കുടുംബത്തോട് കോടതി നിര്‍ദേശിച്ചു. ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നിടത്ത് യുവതിയുടെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിക്കരുതെന്നും നേരിട്ടോ അല്ലാതെയോ അവരുമായി ആശയവിനിമയം നടത്തരുതെന്നും ഹര്‍ജിക്കാരുടെ സുരക്ഷാ ചുമതല പ്രദേശത്തെ പൊലീസിനായിരിക്കുമെന്നും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ ജെജെ മുനീറിന്റെയും തരുണ്‍ സക്സേനയുടെയും ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് വിശദമായ വാദം കേള്‍ക്കാന്‍ ഏപ്രില്‍ എട്ടാം തീയതിയിലേക്ക് മാറ്റി. അതേസമയം, തന്റെ മകളെ നേത്രപാല്‍ വശീകരിച്ചിരിക്കുകയാണെന്നാണ് അനാമികയുടെ അമ്മയുടെ വാദം. ജനുവരി എട്ടാം തീയതിയാണ് ഇവര്‍ ഷാജഹാന്‍പുറിലെ ജയ്തിപുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക