Image

ജി. സുധാകരന് തെങ്ങിൻ തോട്ടം, പി.വി. അൻവറിന് ഗ്യാസ് സിലിണ്ടർ, കെ ടി ജലീലിന് ലോറി, രമക്ക് ഫുട്‌ബോളില്ല; ചിഹ്നങ്ങളുടെ പട്ടിക പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ

Published on 26 March, 2026
ജി. സുധാകരന് തെങ്ങിൻ തോട്ടം, പി.വി. അൻവറിന് ഗ്യാസ് സിലിണ്ടർ, കെ ടി ജലീലിന് ലോറി,  രമക്ക് ഫുട്‌ബോളില്ല; ചിഹ്നങ്ങളുടെ പട്ടിക പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മുന്നണികളുടെയും സ്വതന്ത്രരുടെയും അന്തിമ പോരാട്ട ചിത്രം വ്യക്തമായി. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചതിൽ പല മണ്ഡലങ്ങളിലും കൗതുകകരമായ മാറ്റങ്ങളുണ്ട്. 

അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്രൻ ജി. സുധാകരന് ‘തെങ്ങിൻ തോട്ടം’ ചിഹ്നമായി ലഭിച്ചപ്പോൾ, ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്രൻ പി.വി. അൻവറിന് ‘ഗ്യാസ് സിലിണ്ടർ’ ആണ് ചിഹ്നം. അൻവറിന് ഭീഷണിയായി നാല് അപരന്മാർ പത്രിക പിൻവലിക്കാതെ രംഗത്തുണ്ട്. തിരുവനന്തപുരം സെൻട്രലിൽ സി.എം.പി സ്ഥാനാർത്ഥി സി.പി. ജോണിന് ‘കപ്പൽ’ ചിഹ്നമായി ലഭിച്ചു.

വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്രർക്കും പുതിയ ചിഹ്നങ്ങൾ ലഭിച്ചു. തിരുവനന്തപുരം സെൻട്രലിലെ സുധീർ കരമനയ്ക്ക് ‘ക്യാമറ’യും ലക്കാട്ടെ എൻ.എം.ആർ റസാഖിന് ‘കുടം’ ചിഹ്നവുമാണ് ലഭിച്ചത്. കോവളത്തെ ഭഗത് റൂഫസിന് ‘മുന്തിരി’യും തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദന് ‘ഗ്യാസ് സിലിണ്ടറു’മാണ് അനുവദിച്ചത്. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന് ‘ഇലക്ട്രിക് പോൾ’ ചിഹ്നമായി ലഭിച്ചു. 

കോഴിക്കോട് സൗത്തിൽ എൽഡിഎഫ് സ്വതന്ത്രൻ അഹമ്മദ് ദേവർകോവിലിന് കഴിഞ്ഞ തവണത്തെ ‘ഗ്ലാസ്’ ചിഹ്നത്തിന് പകരം ‘ബക്കറ്റ്’ ആണ് ഇത്തവണ അനുവദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2025-ലെ ചിഹ്നങ്ങളുടെ പട്ടികയിൽ ഗ്ലാസ് ഇല്ലാത്തതാണ് ഇതിന് കാരണം. ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്ററുകൾ അടിച്ച് പ്രചാരണം തുടങ്ങിയ ദേവർകോവിലിന് ഈ മാറ്റം വലിയ തിരിച്ചടിയായി.

എലത്തൂരിൽ എ. കെ ശശീന്ദ്രന് കാഹളം മുഴക്കുന്ന മനുഷ്യൻ്റെ ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. എൻസിപി അജിത് പവാർ പക്ഷത്തിൻ്റെ സ്ഥാനാർഥിയായ ശശീന്ദ്രൻ പി. കെ ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കും. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും എ. കെ ശശീന്ദ്രനായിരുന്നു ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ചിരുന്നത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പി എം സുരേഷ് ബാബു പറഞ്ഞു.

അതേസമയം വടകരയിലെ ആർഎംപി സ്ഥാനാർഥി കെ. കെ രമയ്ക്ക്‌ കഴിഞ്ഞ തവണ മത്സരിച്ച ഫുട്‌ബോൾ ചിഹ്നം ഇത്തവണ അനുവദിച്ചില്ല. പകരം ടെലിവിഷൻ ചിഹ്നമാണ് രമയ്ക്ക്‌ അനുവദിച്ചിരിക്കുന്നത്. ഫുട്ബോൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമാണെന്നാണ് വരണാധികാരിയുടെ വിശദീകരണം. ചിഹ്നം മാറ്റിയതിൽ പരാതി നൽകുമെന്ന് രമ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക