
കാസർകോട്: മഞ്ചേശ്വരം എസ്‌ഡിപിഐ സ്ഥാനാർഥി കെ എം അഷ്‌റഫ് പത്രിക പിൻവലിച്ചു. കാസർകോട് കളക്ട്രേറ്റിൽ എത്തിയാണ് പത്രിക പിൻവലിച്ചത്.
യുഡിഎഫ് സമ്മർദത്തിന് വഴങ്ങിയാണ് എസ് ഡി പി ഐ സ്ഥാനാർഥിയെ പിൻവലിക്കാൻ തീരുമാനിച്ചത്. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ എസ്‌ഡിപിഐ സംസ്ഥാന നേതാക്കളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
പേരിൽ യു ഡി എഫ് സ്ഥാനാർഥി എ കെ എം അഷറഫിന്റെ പേരിനോട് സാമ്യമുള്ള എസ് ഡി പി ഐ സ്ഥാനാർഥി കെ എം അഷറഫ് യു ഡി എഫിനു തലവേദന ആയിരുന്നു. ഇത് മഞ്ചേശ്വരത്ത് യുഡിഎഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കി. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ എസ്‌ഡിപിഐ വോട്ടുകൾ നിർണായകമായിരുന്നു. മഞ്ചേശ്വരത്ത് 7400 ഓളം വോട്ടുകളുണ്ടെന്ന് എസ് ഡി പി ഐ അവകാശപ്പെട്ടിരുന്നു.
സ്ഥാനാർഥിത്വം വന്നതോടെ എസ് ഡി പി ഐക്ക് സമ്മർദ്ദം ഉണ്ടായി. ലീഗും എസ് ഡി പി ഐയോട് സ്ഥാനാർഥിത്വം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ സ്ഥാനാർഥിത്വത്തിൽ എസ് ഡി പി ഐ മഞ്ചേശ്വരം നേതാക്കൾ ഉറച്ചു നിന്നു. ഇതോടെ സംസ്ഥാന നേതാക്കൾ ഇടപെടുകയായിരുന്നു. ഇന്ന് രാവിലെ മഞ്ചേശ്വരത്ത് എത്തിയ സംസ്ഥാന നേതാക്കൾ ചർച്ച നടത്തി. ഈ ചർച്ചയിൽ ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് സ്ഥാനാർഥിത്വം പിൻവലിക്കാൻ അന്തിമ തീരുമാനം ആയത്.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിക്കുകയാണ് അഷ്‌റഫ് ചെയ്തത്. എന്നാല്‍ മല്‍സരവുമായി മുന്നോട്ട് പോകണം എന്നായിരുന്നു എസ്ഡിപിഐ പ്രാദേശിക ഘടകങ്ങളുടെ നിലപാട്.
പാര്‍ട്ടിയാണ് തന്നോട് മല്‍സരിക്കാന്‍ പറഞ്ഞത്, ഇപ്പോള്‍ പാര്‍ട്ടിയാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. അത് അനുസരിക്കുന്നു എന്നാണ് അഷ്‌റഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ അഷ്‌റഫിന് കടുത്ത അതൃപ്തിയുണ്ട് എന്നാണ് വിവരം. ഇതോടെ യോഗത്തിൽ നിന്നും കെ എം അഷറഫ് ഇറങ്ങിപോകുകയായിരുന്നു. പിന്നാലെ രാജിവയ്‌ക്കുന്നതായും അറിയിച്ചു.
2016, 2021 നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ എസ് ഡി പി ഐ പിന്തുണച്ചിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫുമായി ഇടഞ്ഞു. ഇതിൻ്റെ ഭാഗമായാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
കെ സുരേന്ദ്രനാണ് മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർത്ഥി. എസ്ഡിപിഐയും യുഡിഎഫും വെവ്വേറെ മത്സരിക്കുന്നത് ബിജെപിക്കു ഗുണകരമാകുമെന്ന സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് വിവരം.
ബിജെപിക്ക് ജയസാധ്യത കൂടുതലുള്ള മണ്ഡലമാണ് മഞ്ചേശ്വരം. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇത്തവണ വീണ്ടും ജനവിധി തേടുന്നുണ്ട്. രണ്ട് തവണ ചുണ്ടിനും കപ്പിനും ഇടയിലാണ് സുരേന്ദ്രന്‍ ഇവിടെ തോറ്റത്. എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്ന് പ്രചാരണം ശക്തമായിരുന്നു. ഇത് സുരേന്ദ്രന് അനുകൂലമായ സാഹചര്യം ഒരുക്കുമെന്നും ഉറപ്പായി.
മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതെന്നാണ് നേതാക്കൾ പറയുന്നത്.