Image

ഇറാൻ എല്ലാ ചുവപ്പു വരകളും കടന്നുവെന്നു ജി സി സി; ആക്രമണങ്ങൾ ഉടൻ നിർത്തണം (പിപിഎം)

Published on 26 March, 2026
ഇറാൻ എല്ലാ ചുവപ്പു വരകളും കടന്നുവെന്നു ജി സി സി; ആക്രമണങ്ങൾ ഉടൻ നിർത്തണം (പിപിഎം)

ഗൾഫ് രാജ്യങ്ങൾക്കു നേരെ ആക്രമണം നടത്തിയ ഇറാൻ എല്ലാ ചുവപ്പു വരകളും കടന്നുവെന്നു ഗൾഫ് സഹകരണ സമിതി (ജി സി സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വ്യാഴാഴ്ച്ച പ്രസ്താവനയിൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടൻ നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജി സി സി രാജ്യങ്ങൾ യുദ്ധത്തിൽ പങ്കെടുക്കില്ലെന്നു ബുദൈവി വ്യക്തമാക്കി. തങ്ങളുടെ മണ്ണിൽ നിന്ന് ഏതെങ്കിലും രാജ്യത്തെ ആക്രമിക്കാൻ അനുവദിക്കയുമില്ല.

യുദ്ധം വഷളാക്കിയത് ഇറാൻ ആണെന്ന് ബുദൈവി ആരോപിച്ചു. മേഖലയുടെ ഭദ്രത അവർ ഇല്ലാതാക്കി. സൗദി അറേബ്യ, ഖത്തർ, യു എ ഇ, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ റിഫൈനറികളിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾ കരുതിക്കൂട്ടി ചെയ്തതാണ്. നിർണായക ഊർജ കേന്ദ്രങ്ങളാണ് ആക്രമിച്ചത്.

പ്രതിസന്ധി പരിഹരിക്കാനുള്ള ഏതു ചർച്ചയിലും ജി സി സി രാജ്യങ്ങളെ പങ്കെടുപ്പിക്കണമെന്ന് ടെലിവിഷനിൽ അദ്ദേഹം ആവശ്യപ്പെട്ടു. സ്വയം പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾക്കു അവകാശമുണ്ട്, നയതന്ത്രമാണ് ഇഷ്ടപ്പെടുന്നത്.

മേഖലയുടെ അതിർത്തികൾ പുനർനിർണയിക്കാനുള്ള ഒരു നീക്കവും സ്വീകാര്യമല്ലെന്നും ബുദൈവി വ്യക്തമാക്കി.

ഹോർമുസിൽ കൂടി കടന്നു പോകുന്ന കപ്പലുകളോട് പണം പിരിക്കുന്നതിനെ അദ്ദേഹം റിയാദിൽ നടന്ന മാധ്യമ സമ്മേളനത്തിൽ എതിർത്തു.

ഇറാന്റെ ആക്രമണങ്ങൾക്കു തിരിച്ചടിച്ചിട്ടില്ല. മേഖലയിൽ സംഘർഷം ഇല്ലാതാക്കാനാണ് ജി സി സി എപ്പോഴും ശ്രമിക്കുന്നത്.

എന്നാൽ ഇറാൻ ജി സി സി രാജ്യങ്ങളിലെ സിവിലിയൻ മേഖലകളിലാണ് ആക്രമണം നടത്തുന്നത്.

ഹോർമുസ് അടച്ചതു മൂലം ആഗോള സാമ്പത്തിക പ്രത്യാഘാതം ഉണ്ടായെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

Iran crossed all red lines, says GCC 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക