
ആലപ്പുഴ: തനിക്കെതിരെയുണ്ടായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് എം.എൽ.എ യു പ്രതിഭ. കണ്ണീർ ആയുധമാക്കി വോട്ട് പിടിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്നും അവർ പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടപ്പോൾ നിയന്ത്രണം വിട്ട് വിതുമ്പിപ്പോയതാണെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വ്യക്തിഹത്യ നടത്തുന്നതിനോട് യോജിക്കാനാവിലെന്നും യു പ്രതിഭ പറഞ്ഞു. ഇന്ന് തനിക്ക് നേരിടേണ്ടി വന്നത് നാളെ മറ്റൊരു സ്ത്രീക്കും സംഭവിക്കാമെന്നും ഒരു വശത്ത് ഖേദം പ്രകടിപ്പിക്കുമ്പോഴും മറുവശത്ത് തനിക്കെതിരെയുള്ള സൈബർ ആക്രമണവും ന്യായീകരണവും തുടരുകയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ശരീരത്തിന്റെ അഴകല്ല, കായംകുളത്ത് നടത്തിയ വികസനപ്രവർത്തനങ്ങളാണ് വിലയിരുത്തേണ്ടതെന്ന് യു പ്രതിഭ പ്രതികരിച്ചു. കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇർഷാദാണ് എം.എൽ.എയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തിൽ മുസ്ലിം ലീഗ് ഇർഷാദിനെതിരെ പാർട്ടി തലത്തിൽ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.