
തൃശൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് മുഹ്‌സിന (37)യും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. മുഹ്‌സിനയുടെ മരണം കൊലപാതകത്തിന് തുല്യമാണെന്നും ശാസ്ത്രീയ ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്നും കുടുംബം ആരോപിക്കുന്നു. മുഹ്‌സിനയുടെ വീട്ടിൽ നടന്ന മുൻപത്തെ രണ്ട് കുഞ്ഞുങ്ങളുടെ മരണങ്ങളിലും സമാനമായ രീതിയിൽ ചികിത്സ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും ഇവ മൂന്നും ഒരുമിച്ച് അന്വേഷിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
കഴിഞ്ഞ വർഷം മുഹ്‌സിനയുടെ മൂന്ന് വയസ്സുള്ള കുട്ടി മരിച്ചതും ശരിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്യുപങ്ക്ചർ ചികിത്സാ കേന്ദ്രത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. മുഹ്‌സിനയെപ്പോലെ നിരവധി പേർ ഇത്തരത്തിൽ വ്യാജ ചികിത്സാരീതികൾക്ക് ഇരയായി മരിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. നിലവിൽ ഭർത്താവ് ഇബ്രാഹിം മാത്രമാണ് റിമാൻഡിലുള്ളത്. എന്നാൽ ശാസ്ത്രീയ ചികിത്സ തടയാൻ കൂട്ടുനിന്ന ഇബ്രാഹിമിന്റെ കുടുംബാംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് തങ്ങൾക്ക് നിരന്തരമായ ഭീഷണി ഉണ്ടെന്നും വ്യാജ ചികിത്സ പ്രോത്സാഹിപ്പിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും മുഹ്‌സിനയുടെ കുടുംബം പറഞ്ഞു. പ്രസവശേഷം മതിയായ പരിചരണവും ചികിത്സയും ലഭിക്കാത്തതാണ് മുഹ്‌സിനയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ ഇതേ സംഭവത്തിൽ മരിച്ച കുഞ്ഞിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.