
വാഷിംഗ്‌ടണിലെ വാൻകൂവർ സിറ്റിയിൽ മദ്യവില്പനശാല നടത്തുന്ന ഇന്ത്യൻ വംശജൻ കുൽവീർ എസ്. ബ്രാർ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവർക്കു ലഹരി മരുന്നു നൽകുകയും ചെയ്തതായി കുറ്റാരോപണം. മാർച്ച് 13നു വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ബ്രാർ 39 കുറ്റാരോപണങ്ങൾ കൂടി നേരിടുന്നു.
കഴിഞ്ഞ ഡിസംബറിൽ ആദ്യം അറസ്റ്റിലായ ബ്രാറിന്റെ പേരിൽ കൂടുതൽ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടര്ന്നാണ് വീണ്ടും അറസ്റ്റ് ഉണ്ടായത്. കുട്ടികളെ ബലാത്സംഗം ചെയ്തു, ലൈംഗികമായി ചൂഷണം ചെയ്തു, അവർക്കു ലഹരി നൽകി എന്നീ കുറ്റങ്ങളാണ് പ്രധാനം.
സ്നാപ്പ്ചാറ്റ് വഴി കുട്ടികളെ ബന്ധപ്പെട്ടു അവരുടെ വിശ്വാസം നേടിയ ശേഷം അവരെ കുടുക്കുക എന്നതായിരുന്നു രീതി. ഇരകളായ 14-19 പ്രായത്തിലുള്ള എട്ടു പെൺകുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പോലീസ് പറയുന്നു.
ഒറിഗൺ ഡിപ്പാർട്മെന്റ് ഓഫ് ഹ്യുമൻ സർവീസസ് 2025 ജൂലൈയിൽ റെഫർ ചെയ്ത പരാതിയിൽ അന്വേഷണം നടത്തിയ സംഘമാണ് ബ്രാറിന്റെ സ്നാപ്പ്ചാറ്റ് അക്കൗണ്ടിൽ എത്തിച്ചേർന്നത്. ഡിസംബറിൽ അറസ്റ്റ് ചെയ്യുമ്പോൾ ഉണ്ടായിരുന്നതിൽ നിന്നു കേസ് പിന്നീട് വിപുലമായി.
ബ്രാറിന്റെ വീട്ടിൽ നിന്നു ലഹരി മരുന്നും തോക്കും മറ്റും കണ്ടെടുത്തു. പ്രതി ജാമ്യത്തിൽ ഇറങ്ങി. ഏപ്രിൽ 1നു കുറ്റപത്രം നൽകും. വിചാരണ സെപ്റ്റംബറിലേ ഉണ്ടാവൂ.
Indian accused of luring minor girls into sex and drugs