
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടക്കുന്നുണ്ടെന്നു വൈറ്റ് ഹൗസ് ബുധനാഴ്ച്ച അറിയിച്ചു. എന്നാൽ യുഎസ് മുന്നോട്ടു വച്ച 15-ഇന സമാധാന പദ്ധതി ടെഹ്‌റാൻ അപ്പാടെ തള്ളിയെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. പകരം ടെഹ്‌റാൻ അഞ്ചിന നിർദേശങ്ങൾ വച്ചിട്ടുണ്ട്.
യുദ്ധം തീർക്കാൻ ഇറാൻ യാചിക്കുന്നുവെന്നു പ്രസിഡന്റ് ട്രംപ് പറയുമ്പോൾ, എത്ര കാലം വേണമെങ്കിലും യുദ്ധം ചെയ്യാൻ തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്.
മൂന്ന് ദിവസമായി യുഎസ്-ഇറാൻ ചർച്ച നടക്കുന്നുണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് ബുധനാഴ്ച്ച മാധ്യമങ്ങളോടു പറഞ്ഞത്. അതേ സമയം യുദ്ധം രൂക്ഷമായാൽ അതിനുള്ള സന്നാഹങ്ങളും നടത്തുന്നുണ്ട്.
ഇറാന്റെ ഇംഗ്ലീഷ് പ്രസ് ടി വി പറഞ്ഞത് ടെഹ്‌റാൻ ഉന്നയിച്ച അഞ്ചു ആവശ്യങ്ങളിൽ ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണം എന്നതാണ് മുഖ്യമെന്നാണ്. ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പും നൽകണം.
നാശനഷ്ടങ്ങൾക്കു പരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസിനു മേൽ ഇറാനു പരമാധികാരം ഉണ്ടെന്നു അംഗീകരിക്കണം. അത് സ്വാഭാവികമായും നിയമപരമായും ഇറാന് അവകാശപ്പെട്ടതാണ്.
തത്കാലം യുഎസുമായി സംസാരിക്കാൻ ഉദ്ദേശമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു.
എന്നാൽ ഇറാൻ സംസാരിക്കുന്നുണ്ട് എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ട്രംപ് നൽകിയ താക്കീത് കണക്കിലെടുത്തു ഇറാൻ ചർച്ചയ്ക്കു വഴങ്ങി എന്നാണ് ലീവിറ്റിന്റെ അവകാശവാദം. എന്നാൽ സൈനിക സന്നാഹം ഊർജിതമായി നടക്കുന്നുണ്ട്. ട്രംപ് 2,500 മറീനുകളെ കൂടി അയച്ചതോടെ മൊത്തം 5,000 ആയപ്പോൾ മൊത്തം സൈനികരുടെ സംഖ്യ മിഡിൽ ഈസ്റ്റിൽ 50,000 ആയി.
US, Iran in 'productive' talks, says White House