Image

നിലപാടുകളുടെ രാജകുമാരനാണ് വി.ഡി. സതീശൻ, വ്യക്തിപരമായി അദ്ദേഹത്തെ വലിയ ഇഷ്ടം: യുഡിഎഫ് കൺവെൻഷനിൽ പി.കെ. ശശി

Published on 25 March, 2026
നിലപാടുകളുടെ രാജകുമാരനാണ് വി.ഡി. സതീശൻ, വ്യക്തിപരമായി അദ്ദേഹത്തെ വലിയ ഇഷ്ടം: യുഡിഎഫ് കൺവെൻഷനിൽ  പി.കെ. ശശി

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ ഒറ്റപ്പാലത്തെ യുഡിഎഫ് കൺവെൻഷനിൽ വിഡി സതീശനായി വാഴ്ത്തു പ്രസംഗവുമായി സ്ഥാനാർത്ഥി പി.കെ. ശശി. കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്ന് പി.കെ. ശശി വിശേഷിപ്പിച്ചു. നിയമസഭയിൽ സതീശൻ ഉന്നയിക്കുന്ന ഓരോ വിഷയങ്ങളും താൻ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ടായിരുന്നുവെന്നും വ്യക്തിപരമായി അദ്ദേഹത്തോട് വലിയ മതിപ്പും ഇഷ്ടവുമാണെന്നും ശശി കൂട്ടിച്ചേർത്തു.

ഒറ്റപ്പാലത്തെ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് വി.ഡി. സതീശൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. പി.കെ. ശശിയുടെ വിജയം കോൺഗ്രസിന്റെ അഭിമാനപ്രശ്നമാണെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ശശി മുന്നിലുണ്ടാകുമെന്നും സതീശൻ പറഞ്ഞു. 

തെങ്ങിൻ തോപ്പാണ് ചിഹ്നമെങ്കിലും ‘കൈ’ ആണ് ചിഹ്നം എന്ന് വോട്ടർമാർ മനസ്സിൽ കരുതണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങളുടെ പക്കൽ വലിയ ഫ്ലക്സ് ബോർഡുകൾ വയ്ക്കാൻ പണമില്ലെന്നും എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പടുകൂറ്റൻ ഫ്ലക്സുകൾ കാണുമ്പോൾ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ ഒരു തീവ്ര വലതുപക്ഷ പാർട്ടിയായി മാറിയിരിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. 2011 മുതൽ 2016 വരെയുള്ള അഞ്ച് വർഷം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് ലക്ഷം വീടുകൾ നൽകിയിരുന്നുവെന്നും, പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പണിതുവെന്ന് പറയുന്ന എൽഡിഎഫ് സർക്കാർ തങ്ങളുടെ കാലത്തെ കണക്കുകൾ പുറത്തുവിടാൻ തയ്യാറാകണമെന്നും സതീശൻ വെല്ലുവിളിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക