Image

ഡോളർ കരുത്തിൽ സ്വർണ വിപണിയിൽ ചാഞ്ചാട്ടം!

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് Published on 25 March, 2026
ഡോളർ കരുത്തിൽ സ്വർണ വിപണിയിൽ  ചാഞ്ചാട്ടം!

ഇന്ത്യയിൽ നിലവിലുള്ള മിനിമം റിസർവ് സിസ്റ്റം പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കുറഞ്ഞത് 200 കോടി രൂപയുടെ കരുതൽ ധനം നിലനിർത്തേണ്ടതാണ്. ഇതിൽ 115 കോടി രൂപ സ്വർണ്ണമായും 85 കോടി രൂപ വിദേശ സെക്യൂരിറ്റികളായും നിലനിർത്തുന്നു. ആർബിഐ പുറത്തിറക്കുന്ന മുഴുവൻ കറൻസിക്കും ഈ കരുതൽ ധനം നിയമപരമായ പിന്തുണ നൽകുന്നു. നിയമപരമായ കുറഞ്ഞ പരിധിക്ക് മുകളിലുള്ള കറൻസി പുറപ്പെടുവിക്കൽ സ്വർണ്ണമോ വിദേശ നിക്ഷേപങ്ങളോ കൊണ്ട് നിയന്ത്രിക്കപ്പെടുന്നില്ലെന്നതാണ് നിലവിലെ സംവിധാനത്തിന്റെ പ്രധാന സവിശേഷത.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ആഗോള സാമ്പത്തിക പ്രവണതകളിൽ മാറ്റമുണ്ടാക്കുകയാണ്. സ്വർണ്ണത്തോടുള്ള പരമ്പരാഗത ആശ്രയത്തിലും അമേരിക്കൻ ഡോളറിനോടുള്ള സമീപനത്തിലും മാറ്റങ്ങൾ കാണപ്പെടുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അറിയപ്പെട്ടിരുന്ന സ്വർണ്ണത്തിന്റെ സ്ഥാനത്തിലും ചെറിയ ചലനങ്ങൾ പ്രകടമാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വലിയ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരി 29ന് സ്പോട്ട് വില 5597.23 ഡോളർ എന്ന റെക്കോർഡ് നിലയിലെത്തി. ഈ കുതിപ്പു നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചുവെങ്കിലും, വിപണിയിൽ പിന്നീട് ചാഞ്ചാട്ടം ശക്തമായി. ഇതോടൊപ്പം വെള്ളി വിലയിൽ വലിയ ഇടിവും രേഖപ്പെടുത്തി. ജനുവരി 29ന് $121.67 ആയിരുന്ന വെള്ളി വില ഇപ്പോൾ $68–70 നിരക്കിലേക്ക് കുറഞ്ഞ് ഏകദേശം 44% ഇടിവാണ് ഉണ്ടായത്.

വിദഗ്ധർ പറയുന്നതനുസരിച്ച്, ആഗോള അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ഡോളറിന്റെ കരുത്ത് വർധിച്ചതാണ് സ്വർണവിലയിൽ സമ്മർദ്ദമുണ്ടാക്കുന്ന പ്രധാന ഘടകം. കേന്ദ്രബാങ്കുകൾ പലിശനിരക്കു ഉയർത്തിയതോടെ നിക്ഷേപ പലിശ വർധിക്കുകയും, ഡോളർ കൂടുതൽ ആകർഷകമാകുകയും ചെയ്തു. യുഎസ് ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ജപ്പാൻ തുടങ്ങിയ കേന്ദ്രബാങ്കുകളുടെ നയങ്ങൾ ഇതിൽ നിർണായകമായി.

ഇപ്പോൾ ഡോളർ ഇൻഡക്സ് 99–100 നിലവാരത്തിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളർ വീണ്ടും മുൻതൂക്കം നേടുന്നതായി സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. ഇതോടൊപ്പം സ്വർണ ബോണ്ടുകളിലെ വരുമാനവും വർധിച്ചുവരുന്നു.

ഇതിനിടെ, ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കൊച്ചിയിൽ ഇന്നലെ ഗ്രാമിന് 2160 രൂപ കുറഞ്ഞ ശേഷം ഉച്ചയോടെ 1880 രൂപ ഉയർന്നു. രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,100 രൂപയും പവന് 280 രൂപ കുറഞ്ഞ് 1,04,800 രൂപയുമായി. ഈ മാസം ഇതുവരെ സ്വർണവില പവന് 22,120 രൂപയും ഗ്രാമിന് 2765 രൂപയും കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,825 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയി ഔൺസിന് $4,400 നിരക്കിലാണ്.

സാമ്പത്തിക അനിശ്ചിതത്വങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഡോളറിന്റെ കരുത്തും സ്വർണവിലയിലെ ചാഞ്ചാട്ടവും അടുത്ത കാലത്തും വിപണിയിൽ നിർണായക ഘടകങ്ങളായി തുടരുമെന്നതാണ് വിലയിരുത്തൽ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക