
ലോകമൊട്ടാകെയുള്ള 85 മില്യൺ ആംഗ്ലിക്കൻ സഭാ വിശ്വാസികൾക്ക് 1429 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വനിതാ നേതാവ്. കാന്റർബറി ആർച്ബിഷപ്പായി ബുധനാഴ്ച്ച സാറാ എലിസബത്ത് മുലാലി (63) അഭിഷിക്തയാവും.
എ ഡി 597ൽ സെന്റ് അഗസ്റ്റിനിൽ നിന്നു ആരംഭിച്ച പരമ്പരയിലെ ആദ്യ 105 ആർച്ബിഷപ്പുമാരും പുരുഷന്മാർ ആയിരുന്നു. ആംഗ്ലിക്കൻ സഭയുടെ അജപാലകയും ആധ്യാത്മിക നേതാവുമായി മുലാലി അധികാരമേൽക്കുമ്പോൾ അത് ചരിത്രമാവുന്നു.
പൈതൃകത്തിന്റെ പൊലിമ നിറയുന്ന ചടങ്ങിൽ പ്രധാനമന്ത്രി കിയ സ്റ്റാർമറും കിരീടാവകാശി വില്യം രാജകുമാരൻ, ഭാര്യ കാതറൈൻ തുടങ്ങിയ ഉന്നതരും പങ്കെടുക്കുന്നുണ്ട്.
അൻപതു വർഷം മുൻപ് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ് ഇപ്പോൾ സംഭവിക്കുന്നതെന്നു കാന്റർബറി കത്തീഡ്രൽ ഡീൻ വെരി റെവറന്റ് ഡോക്ടർ ഡേവിഡ് മോൺറ്റിയത് പറഞ്ഞു.
ജനുവരിയിൽ ചുമതലകൾ ഏറ്റെടുത്ത മുലാലി ബുധനാഴ്ച്ചയാണ് ആദ്യമായി വിശ്വാസികളോടു വചനം അറിയിക്കുക.
യുഎസിലെ എപ്പിസ്കോപ്പൽ ചർച്ചും ചർച് ഓഫ് നൈജീരിയയും ഉൾപ്പെട്ട ആംഗ്ലിക്കൻ സഭ പക്ഷെ ഭിന്നതകൾ നേരിടുന്ന സമയമാണ്. സ്വവർഗ വിവാഹം, സ്ത്രീകൾക്ക് പൗരോഹിത്യം നൽകുന്നത്, എൽ ജി ബി ടി ക്യൂ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഭിന്നത രൂക്ഷമാണ്.
മുലാലിയുടെ മുൻഗാമി ജസ്റ്റിൻ വെൽബി രാജി വച്ചതു തന്നെ ഒരു ലൈംഗിക അപവാദ കേസ് കൈകാര്യം ചെയ്ത രീതിയെ കുറിച്ചുണ്ടായ തർക്കങ്ങൾ മൂലമാണ്.
കത്തീഡ്രലിന്റെ പടിഞ്ഞാറു വശത്തുള്ള ഗ്രേറ്റ് വെസ്റ്റ് ഡോറിൽ മുട്ടി വിളിച്ചു മുലാലി അകത്തു കടക്കുന്നതോടെയാണ് ബുധനാഴ്ച്ചത്തെ ചടങ്ങുകൾ ആരംഭിക്കുക. വാതിൽ തുറക്കുമ്പോൾ അവരെ സ്വീകരിക്കുന്നത് സ്കൂൾ കുട്ടികളാവും.
മുലാലിയെ നിയമിച്ചു കൊണ്ടുള്ള ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രഖ്യാപനം പിന്നീട് വായിക്കും. ചടങ്ങു കഴിഞ്ഞാൽ സെന്റ് അഗസ്റ്റിന്റെ ഇരിപ്പിടത്തിൽ അവരെ ഇരുത്തും.
റോമിൽ നിന്നു ക്രിസ്തു മതം പ്രചരിപ്പിക്കാൻ ഇംഗ്ലണ്ടിൽ എത്തിയ അഗസ്റ്റിനാണ് എ ഡി 597ൽ കത്തീഡ്രൽ സ്ഥാപിച്ചത്.
1170ൽ ആർച്ച്ബിഷപ് തോമസ് ബെക്കറ്റ് കത്തീഡ്രലിൽ വധിക്കപ്പെട്ട ശേഷം 1174ൽ പുതുക്കി പണിത കത്തീഡ്രൽ പിൽക്കാലത്തു വലിയൊരു തീർഥാടന കേന്ദ്രമായി. ശില്പകലയുടെ മാസ്മരികത ഒരു പ്രധാന ആകര്ഷണീയതയാണ്.
87 മൈൽ ദൂരം നടന്നു തീർഥാടനം
സ്ഥാനാഭിഷേകത്തിനു മുന്നോടിയായി സാറാ മുലാലി 87 മൈൽ ദൂരം നടന്നു തീർഥാടനം പൂർത്തിയാക്കി. ആറു ദിവസം കൊണ്ടാണ് ലണ്ടൻ സെന്റ് പോൾസ് കത്തീഡ്രലിൽ നിന്നു കാന്റർബറി വരെ എത്തിയത്.
പുരോഹിത ആവുന്നതിനു മുൻപ് മുലാലി ബ്രിട്ടന്റെ നാഷണൽ ഹെൽത്ത് സർവീസിൽ നഴ്‌സ് ആയിരുന്നു. കാൻസർ ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയ അവർ ലണ്ടനിൽ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിൽ നഴ്സിംഗ് ഡയറക്റ്ററായി.
ദൈവവിളി കേട്ടാണ് 2001ൽ മുലാലി വൈദികവൃത്തിയിലേക്കു തിരിഞ്ഞത്. 2004ൽ സർക്കാർ ജോലി ഉപേക്ഷിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം ആയിരുന്നുവെന്നു അവർ പറഞ്ഞിട്ടുണ്ട്.
അഭിഷേക ചടങ്ങിൽ ബിഷപ്പിന്റെ വേഷം അണിയുന്ന മുലാലി നഴ്‌സിംഗ് ജീവിതത്തിന്റെ ഓർമയ്ക്ക് ബെൽറ്റ് ബക്കിളും ധരിക്കും.
ലണ്ടൻ ബിഷപ് ആയിരുന്ന മുലാലിക്കു പാർലമെന്റിന്റെ ഉപരിസഭയിൽ സീറ്റുമുണ്ട്.
സഭയുടെ ആഗോള വ്യാപ്തി സൂചിപ്പിക്കുന്ന ചടങ്ങിൽ ഒരു പ്രധാന പ്രാർഥന ഉർദുവിൽ ആയിരിക്കും.
Anglican church gets first female Archbishop