Image

പെണ്‍കുട്ടികളുടെയും അധ്യാപികമാരുടെയും നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍; പ്രിന്‍സിപ്പലിനെ കൈയോടെ പൊക്കി വിദ്യാര്‍ഥികള്‍

Published on 25 March, 2026
പെണ്‍കുട്ടികളുടെയും അധ്യാപികമാരുടെയും നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍; പ്രിന്‍സിപ്പലിനെ കൈയോടെ പൊക്കി വിദ്യാര്‍ഥികള്‍

തൃശൂര്‍: സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണില്‍ സൂക്ഷിച്ച അധ്യാപകന്‍ പിടിയില്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ് കുട്ടികളുടെ സമയോചിതമായ ഇടപെടലില്‍ കുടുങ്ങിയത്.

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഡോ. സജു വര്‍ഗീസാണ് കുന്നംകുളം പോലീസിന്റെ വലയിലായത്. വിദ്യാര്‍ഥികളുടെ സമയോചിതമായ ഇടപെടലാണ് ഇയാളുടെ ക്രൂരകൃത്യം പുറംലോകത്തെത്തിച്ചത്.

രണ്ട് ദിവസം മുമ്പ് സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. പഠനാവശ്യങ്ങള്‍ക്കായി അധ്യാപകന്‍ തന്റെ മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഗാലറി പരിശോധിച്ച വിദ്യാര്‍ഥിനികള്‍ സഹപാഠികളുടെയും മറ്റ് അധ്യാപകരുടെയും മോര്‍ഫ് ചെയ്ത നിലയിലുള്ള അശ്ലീല ചിത്രങ്ങള്‍ കണ്ട് ഞെട്ടി. വിദ്യാര്‍ഥിനികള്‍ ഉടന്‍ തന്നെ വിവരം മറ്റ് അധ്യാപകരെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കുകയായിരുന്നു.

വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്‌കൂളിലെത്തിയ കുന്നംകുളം പോലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

പ്രിന്‍സിപ്പലിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിരവധി അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ച ആപ്പുകളെക്കുറിച്ചും സോഫ്‌റ്റ്വെയറുകളെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറും. ഈ ചിത്രങ്ങള്‍ ഇയാള്‍ മറ്റാര്‍ക്കെങ്കിലും അയച്ചു നല്‍കിയിട്ടുണ്ടോ എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രതിക്ക് അന്താരാഷ്ട്ര അശ്ലീല സൈറ്റുകളുമായോ ഗ്രൂപ്പുകളുമായോ ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക