
കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിലെ ഇന്ധന ടാങ്ക് തകർന്നു. വൻ തീപിടുത്തമാണ് വിമാനത്താവളത്തിൽ ഉണ്ടായത്. ബുധനാഴ്ച രാവിലെയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെ ഡ്രോണുകൾ പതിച്ചത്.
ആക്രമണത്തിന് പിന്നാലെ വിമാനത്താവള പരിസരത്ത് നിന്ന് കിലോമീറ്ററുകളോളം ദൂരത്തേക്ക് ദൃശ്യമാകുന്ന രീതിയിൽ വലിയ തോതിൽ കറുത്ത പുക ഉയർന്നു. നിലവിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും ആക്രമണത്തിൽ ഭൗതികമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്നും കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വക്താവ് അബ്ദുള്ള അൽ റാജിഹി അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷാ പരിധിയിൽ പ്രവേശിക്കാൻ ശ്രമിച്ച ആറ് ഡ്രോണുകളെ കുവൈറ്റ് നാഷണൽ ഗാർഡ് വിജയകരമായി വെടിവെച്ചിട്ടു. ശത്രു മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു.
തീപിടുത്തം ഉണ്ടായ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വിമാനത്താവളത്തിൽ നിലവിൽ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കുവൈറ്റ് വിമാനത്താവളത്തിന് നേരെ നടക്കുന്ന എട്ടാമത്തെ ആക്രമണമാണിത്. നേരത്തെ മാർച്ച് 8-നും 14-നും വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങൾക്കും ഇന്ധന ടാങ്കുകൾക്കും നേരെ സമാനമായ ആക്രമണങ്ങൾ ഉണ്ടായിരുന്നു.
മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കുവൈറ്റ് സൈന്യം അഭ്യർത്ഥിച്ചു.