
ഫ്ലോറിഡയിൽ പ്രസിഡന്റ് ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റ് ഇരിക്കുന്ന പാം ബീച്ചിലെ 87ആം ഡിസ്ട്രിക്ടിൽ നിന്നു സംസ്ഥാന നിയമസഭയിലേക്കു നടന്ന സ്പെഷ്യൽ ഇലക്ഷനിൽ ഡെമോക്രാറ്റുകൾ വിജയം കണ്ടു. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു സീറ്റ് പിടിച്ചെടുത്തത് ആദ്യമായി മത്സരിച്ച ആരോഗ്യ പ്രവർത്തക എമിലി ഗ്രിഗറിയാണ്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികൾ 2012നു ശേഷം വിജയിച്ചിട്ടില്ലാത്ത റിപ്പബ്ലിക്കൻ കോട്ടയാണ് ഫ്ലോറിഡ.
"ഫ്ളോറിഡക്കാർക്കു അരാജകത്വവും അഴിമതിയും ആകാശം മുട്ടെ ഉയരുന്ന വിലകളും മടുത്തു. ഗ്രോസറി മുതൽ ഗ്യാസും ആരോഗ്യ രക്ഷയും വരെ കുതിച്ചുയരുന്ന ചെലവാണ്," ഫ്ലോറിഡ ഡെമോക്രാറ്റിക് പാർട്ടി ചെയർവുമൺ നിക്കി ഫ്രെയ്‌ഡ് പറഞ്ഞു.
2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം അർകൻസോയും ന്യൂ ഹാംപ്‌ഷെയറും ഉൾപ്പെടെ കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ രണ്ടു ഡസനിലേറെ സീറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരൊറ്റ ഡെമോക്രാറ്റിക് സീറ്റും ലഭിച്ചിട്ടില്ല.
ട്രംപിന്റെ നയങ്ങളോടുള്ള ജനരോഷമാണ് അതിനു കാരണമെന്നു കരുതുന്ന ഡെമോക്രാറ്റുകൾ നവംബർ ഇടക്കാല തിരഞ്ഞെടുപ്പിലും അതു പ്രതിഫലിക്കുമെന്നു വിശ്വസിക്കുന്നു.
ഗ്രിഗറിയുടെ വിജയം ട്രംപിന്റെ മുറ്റത്തു നിന്നു തന്നെയാണ് എന്നതു റിപ്പബ്ലിക്കൻ പാർട്ടിക്കു ഞെട്ടലാണ്.
ഈ മാസം തന്നെ പാം ബീച്ചിൽ നിന്നു 30 മൈൽ അകലെ ബോക്ക റേട്ടൻ പട്ടണം 45 വർഷത്തിനു ശേഷം ഡെമോക്രാറ്റിക് മേയറെ തിരഞ്ഞെടുത്തു. അതിനു മുൻപ് ഡിസംബറിൽ മയാമി 30 വർഷം കഴിഞ്ഞു ഡെമോക്രാറ്റിക് മേയറെ തിരഞ്ഞെടുത്തത് തകർപ്പൻ ഭൂരിപക്ഷത്തിലാണ്.
2024 മുതൽ റിപ്പബ്ലിക്കൻ മൈക്ക് കറുസോ 19% വരെ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടുള്ള സീറ്റാണ് ഗ്രിഗറി (40) ഇപ്പോൾ പിടിച്ചത്. ഓഗസ്റ്റിൽ ഗവർണർ ഡിസാന്റിസ് കറുസോയെ കൗണ്ടി ക്ലർക്കായി നിയമിച്ചതിനെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. സൈനികന്റെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമാണ് ചെറുകിട ബിസിനസ് നടത്തുന്ന ഗ്രിഗറി. ട്രംപിന്റെ 'മാഗാ'യിൽ നിന്നുള്ള എതിരാളി ജോൺ മേപ്പിൾസിനു (43) പ്രസിഡന്റിന്റെ പിന്തുണ ഉണ്ടായിരുന്നു.
Florida Democrats win special election in Mar-a-Lago’s district