
കഴിഞ്ഞ ലക്കത്തിൽനിന്നും തുടർച്ച :-
അങ്ങനെ കാര്യങ്ങളൊക്കെ പരിഹരിച്ചു വലിയ കുഴപ്പമില്ലാതെ പോയിക്കൊണ്ടിരിക്കുമ്പോൾ പാർക്കിംഗ് ലോട്ട് സൽക്കാര വേളയിലൊരുദിവസം ഇക്കാര്യം ചർച്ചാവിഷയമായി. അബിക്ക് ഇങ്ങനെയൊരു ആശയം പറഞ്ഞുകൊടുത്തതിൽ മാത്തുക്കുട്ടിക്കും മനോവിഷമം തോന്നി. എന്നും വീട്ടിൽ വന്ന് ക്ഷീണം തീർക്കാൻ ഓരോന്നടിച്ചു ശീലിച്ചുപോയതു പൂർണ്ണമായി ഉപേക്ഷിക്കുവാൻ അബിക്കൊട്ടും സാധിക്കുന്നില്ല. ‘പണ്ടേ ദുർബ്ബല പിന്നെ ഗർഭിണിയും' എന്ന അവസ്ഥ. അപ്പോഴാണ് ഗ്രൂപ്പ് ലീഡറായ ചാണ്ടിച്ചായൻ സ്വന്തം അനുഭവം പങ്കുവയ്ക്കുവാൻ ഒരുമ്പെടുന്നത്.
“കാര്യം നിസ്സാരമാണ്. പക്ഷെ പിടിക്കപ്പെട്ടാൽ പ്രശ്‌നം ഗുരുതരമാവും.”
കാര്യമറിയുവാൻ എല്ലാവരും ഉത്സാഹപൂർവ്വം ചാണ്ടിച്ചായനിലേക്ക് കഴുത്തു നീട്ടി.
“അന്നന്നത്തേക്ക് മാത്രമുള്ള ‘പൊടിക്കുപ്പി' വാങ്ങുക. പെപ്‌സിയുടെ ഒരു ക്യാനും. അപ്പാർട്ടുമെന്റിന്റെ പരിസരത്തു പാർക്ക് ചെയ്തു കഴിഞ്ഞിട്ട് ബാക്ക് സീറ്റിലേക്ക് മാറുക. സോഡയുടെ പകുതി കുടിക്കുകയോ കളയുകയോ ചെയ്തിട്ട് ബാക്കിയിലോട്ട് ‘സാധനം'ഒഴിക്കുക, കുടിക്കുക. വേണമെങ്കിൽ ഒരു ചൂവിങ് ഗം ചവച്ചു വീട്ടിലേക്കു പോവുക. സംഗതി ശുഭം.“ ചാണ്ടിച്ചായൻ വിശദീകരിച്ചു.
അബി ചാണ്ടിച്ചായനെ മനസ്സാ ധ്യാനിച്ച് ശിഷ്യപ്പെട്ട് അന്നു വൈകിട്ടുതന്നെ പുതിയ സംരംഭത്തിന് തുടക്കമിട്ടു. സാമാന്യം ഭേദപ്പെട്ട രീതിയിൽ ആലീസ് ഒട്ടുമേ അറിയാതെ ‘സേവ’ തുടർന്നു പോന്നു. സമ്മറിലെ അതികഠിനമായ ഉഷ്ണമുള്ള ഒരു രാത്രി. ആലീസിന്റെ അരിശമുള്ളപ്പോഴത്തെ മുഖം പോലെ കാർമേഘങ്ങളാൽ നിറഞ്ഞിരുന്ന ആകാശത്തു നക്ഷത്രങ്ങളെ മരുന്നിനു പോലും കാണുവാൻ ഇല്ലായിരുന്നു. പതിവുപോലെ ഈവെനിംഗ് ഷിഫ്റ്റ് കഴിഞ്ഞു അപ്പാർട്ടുമെന്റിന്റെ സമീപത്തു കാർ പാർക്ക് ചെയ്തിട്ട് ബാക്ക് സീറ്റിലേക്ക് മാറിയിരുന്ന് പതിവുള്ളത് അബി അകത്താക്കി.
പകൽ മുഴുവൻ നല്ല ചൂട് ആയതിനാലായിരിക്കാം അബിക്ക് നല്ല ക്ഷീണം തോന്നി. ആലീസിന് അവധി ആയതിനാൽ അവൾ ഉറക്കം പിടിച്ചുകഴിഞ്ഞു സൗകര്യമായിട്ട് വീട്ടിലേക്ക് കയറിച്ചെന്നാൽ മതിയെന്നുകരുതി അബി ബാക്ക് സീറ്റിലിരുന്ന് ചെറുതായൊന്ന് മയങ്ങി. മയക്കം ദീർഘമായ ഉറക്കത്തിലേക്ക് വഴുതിവീണു.
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ഈ തക്കം നോക്കി ലോക്ക് ചെയ്യാതെ കിടക്കുന്ന കാറുകളുടെ ഡോർ തുറന്ന് കോയിൻ ബോക്സിൽ കിടക്കുന്ന ചില്ലറ നാണയങ്ങൾ പെറുക്കുന്ന സംഘത്തിലുള്ള കറുത്ത വർഗ്ഗത്തിൽ പെട്ട കൗമാരക്കാരായ രണ്ട് കുട്ടികൾ വന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്ന് ചില്ലറ പെറുക്കുന്ന സമയത്തു ഇഗ്നിഷ്യനിൽ താക്കോൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഡ്രൈവിംഗ് നല്ല വശമില്ലെങ്കിലും ഒരുത്തന് ഒരു പൂതി തോന്നിയിട്ട് കാർ വെറുതെ ഒന്ന് സ്റ്റാർട്ട് ചെയ്തു നോക്കി. കൊള്ളാമല്ലോ!. കൂട്ടുകാരൻ പാസഞ്ചർ സീറ്റിലും കയറിയിരുന്നു. അടുത്ത ലക്ഷ്യം ചെറിയ ഒരു ജോയ് റൈഡായിരുന്നു. ഒന്ന് കറങ്ങിയടിക്കുക, അത്ര തന്നെ.
കാർ വേഗം മുന്നോട്ടു കുതിച്ചു. ഒരു ലെക്കും ലെഗാനവുമില്ലാതെ, എന്നാൽ ആരെയും മുട്ടാതെയും തട്ടാതെയും ഒന്നു രണ്ടു മൈൽ ഓടി ഒരു റെസിഡൻഷ്യൽ ഏരിയായിൽ എത്തിയപ്പോൾ പെട്ടെന്ന് കാർ ഒരു വലിയ കുഴിയിൽ ചാടി മുന്നോട്ടുമില്ല പുറകോട്ടുമില്ല എന്ന നിലയിൽ സ്റ്റക്ക് ആയി ഒരു വലിയ കുലുക്കത്തോടെ നിന്നു. ഈ ഷോക്കിൽ ബാക്ക് സീറ്റിൽ സുഖ നിദ്രയിലായിരുന്ന അബി എന്റമ്മോ എന്നലറിക്കൊണ്ട് ചാടി എഴുന്നേറ്റു. അലർച്ച കേട്ട കുട്ടികൾ പേടിച്ചരണ്ട് ജീവനുംകൊണ്ടോടി. അപ്പോഴും എന്താണ് സംഭവിച്ചതെന്ന് നമ്മുടെ കഥാപുരുഷന് വ്യക്തമായില്ല. ഉറക്കത്തിന്റെ പിച്ചും കള്ളിന്റെ കിക്കും താൻ കിഡ്നാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണെന്നുള്ള ഭയവും എല്ലാംകൂടിയായപ്പോൾ അബിക്ക് ശരിക്കും ‘കിളി’പോയി. ഒരുവിധം എങ്ങനെയോ കാറിന്റെ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി. ചുറ്റും കുറ്റാക്കൂരിരുട്ട്. പരിചയമില്ലാത്ത സ്ഥലം. സെൽ ഫോണില്ലാത്ത കാലം.
ഒരു പ്രകാരത്തിൽ തപ്പിത്തടഞ്ഞു അബി ഒരു വീടിന്റെ വാതിലിൽ എത്തി കോളിംഗ് ബെൽ തുരുതുരാ അടിച്ചു. ‘പാതിരാപ്പടം' കണ്ടുകൊണ്ടിരുന്ന ഒരു സായിപ്പ് ലൈറ്റിട്ട് ജനാലയിലൂടെ നോക്കുമ്പോൾ പരിചയമില്ലാത്ത പേടിച്ചരണ്ട മനുഷ്യനെക്കണ്ട് ഉടൻ പൊലീസിന് ഫോൺ ചെയ്തു. (ഇന്നായിരുന്നെങ്കിൽ ആദ്യം തോക്കെടുത്തു വെടി വെച്ചേനെ) പറഞ്ഞ നിമിഷംകൊണ്ട് സൈറണും ലൈറ്റും മറ്റു
വട്ടശട്ടങ്ങളുമായി പോലീസ് പാഞ്ഞെത്തി. ഇതെല്ലാംകൂടി കണ്ടപ്പോൾ അബി സാക്ഷാൽ പന്തം കണ്ട പെരുച്ചാഴി പോലെ വിറയ്ക്കുവാൻ തുടങ്ങി. അമേരിക്കൻ ആക്സന്റ് അത്രയ്ക്ക് വഴങ്ങാത്ത അബി പോലീസുകാരുടെ ചോദ്യങ്ങൾക്കു മുമ്പിൽ പതറിപ്പോയി. എന്നുമാത്രല്ല സമനില തെറ്റിയതുപോലെ അബി പറയുന്ന ഭാഷ ലോകത്താർക്കും മനസ്സിലാകാത്ത വിധത്തിലായിപ്പോയി. ഇപ്പോഴത്തെ പോലീസ് ആയിരുന്നെങ്കിൽ ഗൺ എടുത്ത് അപ്പോൾത്തന്നെ ഷൂട്ട് ചെയ്യുമായിരുന്നു ആ സാഹചര്യത്തിൽ. ഏതായാലും കൈയ്യാമം വച്ച് അബിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
പോക്കറ്റിൽ വാലറ്റും വാലറ്റിൽ ഡ്രൈവേഴ്സ് ലൈസൻസും ഉണ്ടായിരുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതെ പോലീസ് ആലീസിനെ വിളിച്ചുവരുത്തി അബിയെ കൂടെ അയച്ചു.
മനസ്സിനേറ്റ ആഘാതം മാറ്റുന്നതിനായി രണ്ടുമൂന്ന് മാസത്തെ ചികിത്സ കഴിഞ്ഞപ്പോൾ അബി ’മിടുമിടുക്കനായി' പുറത്തു വന്നു. ഇപ്പോൾ അബി കുടിക്കുകയില്ല എന്നുമാത്രമല്ല, കുടിക്കുന്നവരെ കാണുന്നതുതന്നെ അദ്ദേഹത്തിന് അലർജിയാണ്.
ഗുണപാഠം: ‘അറിയാത്ത പുള്ളക്ക് ചൊറിയുമ്പം അറിയും'.
Read Part-1
https://www.emalayalee.com/news/365452