
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിലിൽ ബിജെപിയുടെ സീൽ പതിഞ്ഞ കത്ത് ഉൾപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തി. ഇത് കേവലം സാങ്കേതികമായ ഒരു ക്ലെറിക്കൽ പിശക് മാത്രമാണെന്നും ഇതിൽ മറ്റ് അസ്വാഭാവികതകൾ ഒന്നുമില്ലെന്നും ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി.
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട 2019-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സമർപ്പിച്ച കത്തിന്റെ പകർപ്പാണ് അബദ്ധത്തിൽ മറ്റ് പാർട്ടികൾക്കും അയച്ചുപോയതെന്നാണ് കമ്മീഷന്റെ വിശദീകരണം.
മാർച്ച് 21-ന് തന്നെ ഈ പിഴവ് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ പ്രസ്തുത നിർദ്ദേശം പിൻവലിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും തിരുത്തൽ അറിയിപ്പ് നൽകിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എന്നാൽ, ഈ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും ഇരുവിഭാഗവും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്നും ചോദിച്ചുകൊണ്ട് സിപിഎം കടുത്ത വിമർശനവുമായി രംഗത്തെത്തി. ദേശീയതലത്തിൽ കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ വീഴ്ചയെന്നും ഇടത് മുന്നണി ആരോപിച്ചു.
വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, ക്ലെറിക്കൽ പിഴവ് ഉയർത്തിക്കാട്ടി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പുറത്തുനിന്നുള്ള ശക്തികൾക്ക് ഇടപെടാൻ സാധിക്കാത്ത വിധം സുരക്ഷിതമായ സംവിധാനമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു