Image

യുദ്ധത്തിനെതിരെ യൂറോപ്പിൽ പ്രകടനങ്ങൾ; ലണ്ടനിൽ യഹൂദ സംഘടനയുടെ ആംബുലൻസുകൾ കത്തിച്ചു (പിപിഎം)

Published on 23 March, 2026
യുദ്ധത്തിനെതിരെ യൂറോപ്പിൽ പ്രകടനങ്ങൾ; ലണ്ടനിൽ യഹൂദ സംഘടനയുടെ ആംബുലൻസുകൾ കത്തിച്ചു (പിപിഎം)

ഇറാനെതിരെ യുഎസും ഇസ്രയേലും ചേർന്നു നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു വാരാന്ത്യത്തിൽ യൂറോപ്പിൽ ആയിരങ്ങൾ തെരുവിലിറങ്ങി.

ലണ്ടനിൽ യഹൂദ സന്നദ്ധ സംഘടനയുടെ നിരവധി ആംബുലൻസുകൾ തിങ്കളാഴ്ച്ച പുലർച്ചെ തീ പിടിത്തത്തിൽ നശിച്ചു. യഹൂദ വിരുദ്ധ വിദ്വേഷ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു. യഹൂദർ ഏറെയുള്ള ഗോൾഡേഴ്‌സ് ഗ്രീനിൽ സിനഗോഗിനു സമീപമാണ് ആക്രമണം ഉണ്ടായത്.

ഉഗ്രമായ പൊട്ടിത്തെറി ഉണ്ടായെന്നു സ്ഥലവാസികൾ പറയുന്നു. ആകാശം മുട്ടെ പുക ഉയർന്നു.

ശനിയാഴ്ച്ച വൈകിട്ടു ലണ്ടൻ റസൽ സ്ക്വയറിൽ നിന്നു വൈറ്റ് ഹോൾ വരെ നൂറു കണക്കിനാളുകൾ ബാനറുകൾ ഉയർത്തിപ്പിടിച്ചു പ്രതിഷേധം നടത്തി. യുഎസിന്റെ യുദ്ധത്തെ സഹായിക്കാൻ ബ്രിട്ടൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ പിന്നാലെയാണ് പ്രതിഷേധം തെരുവിൽ എത്തിയത്.

സ്‌പാനിഷ്‌ തലസ്ഥാനമായ മഡ്രിഡിൽ നാലായിരത്തോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. "നേറ്റോ യുദ്ധത്തിനു പോകരുത്, സ്പെയ്ൻ അമേരിക്കയല്ല" എന്നിങ്ങനെയുള്ള ബാനറുകൾ ഏന്തിയാണ് അവർ മാർച്ച് ചെയ്തത്.

നേറ്റോയിൽ നിന്നു സ്‌പെയ്ൻ പിന്മാറണമെന്നു പോഡെമസ് പാർട്ടി നേതാവ് ഇയോൺ ബെലാറ ആവശ്യപ്പെട്ടു.

ലിസ്ബണിൽ യുഎസ് എംബസിക്കു സമീപം നൂറുകണക്കിനാളുകൾ പ്രതിഷേധം പ്രകടിപ്പിച്ചു. പോർച്ചുഗീസ് കൗൺസിൽ ഫോർ പീസ് സംഘടിപ്പിച്ച പ്രകടനത്തിന് 70 ഗ്രൂപ്പുകളുടെ പിന്തുണ ഉണ്ടായിരുന്നു.

ബൾഗേറിയയിലെ സോഫിയയിൽ ഇറാനെതിരെ യുദ്ധം പാടില്ല എന്ന മുദ്രാവാക്യം ഉയർത്തി നൂറുകണക്കിനാളുകൾ മാർച്ച് ചെയ്തു. യുഎസ് സൈനിക വിമാനങ്ങൾ ബൾഗേറിയയിൽ പാടില്ലെന്നും അവർ പറഞ്ഞു.

ഫ്രാൻസിലും ഗ്രീസിലും പ്രകടനങ്ങൾ അരങ്ങേറി.

Europe sees protests against strikes on Iran

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക