
ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം വിസ നയം കർശനമാക്കിയതിനെ തുടർന്നു യുഎസിലേക്കുള്ള നിയമാനുസൃത കുടിയേറ്റം കുത്തനെ കുറഞ്ഞെന്നു റിപ്പോർട്ട്. ഏറ്റവുമധികം വിസകൾ കുറഞ്ഞത് ഇന്ത്യൻ, ചൈനീസ് വംശജർക്കാണെന്നു 'വാഷിംഗ്‌ടൺ പോസ്റ്റ്' പറയുന്നു.
2025 ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നൽകിയ വിസകൾ 2024 ജനുവരി-ഓഗസ്റ്റിൽ നൽകിയതിനേക്കാൾ 25,000 കുറവായിരുന്നു. സ്ഥിരതാമസത്തിനും താത്കാലിക ആവശ്യത്തിനുമുള്ള വിസകളിൽ 11% കുറവുണ്ടായെന്നു ഈ മാസം ആദ്യം ലഭ്യമായ കണക്കുകളിൽ കാണുന്നു.
അതിൽ സ്റ്റുഡന്റ് വിസകളുണ്ട്, തൊഴിൽ വിസകളുണ്ട്, യുഎസ് പൗരന്മാർക്കും നിയമാനുസൃത താമസക്കാർക്കും കുടുംബങ്ങളെ കൊണ്ടുവരാനുള്ള വിസകളുമുണ്ട്.
ടൂറിസ്റ്റ് വിസകളും ഗണ്യമായി കുറഞ്ഞു.
ഇന്ത്യൻ, ചൈനീസ് പൗരന്മാർക്കു നൽകിയ വിസകളിൽ മുൻ വർഷത്തെ അപേക്ഷിച്ചു വന്ന കുറവ് 84,000 ആണെന്നു റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര വിദ്യാർഥികളുടെ വരവ് 2025ന്റെ ആദ്യ എട്ടു മാസത്തിൽ 30% ആണ് കുറഞ്ഞത്. എക്സ്ചേയ്ഞ്ച് വിസിറ്റർ വിസകളിൽ കുറവ് വന്നത് 30,000.
സ്ഥിരതാമസത്തിനുള്ള വിസകളും കുത്തനെ കുറഞ്ഞു. അതിൽ ഏറ്റവുമധികം കുറവ് കണ്ടത് അഫ്ഘാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ, ബന്ധുക്കൾ തുടങ്ങിയവർക്കുള്ള വിസകളിലാണ്.
നയങ്ങളിൽ വന്ന മാറ്റവും ഭരണകൂടം എടുത്ത സമീപനവുമാണ് ഈ കുറവിനു കാരണമായി പറയുന്നത്. 19 രാജ്യങ്ങൾക്കു വിസ നിരോധിച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസയ്ക്കുള്ള ഇന്റർവ്യൂകൾ നീട്ടി വച്ചു. അപേക്ഷാ പരിശോധന കർക്കശമാക്കി.
"വിസ പ്രത്യേകാവകാശമാണ്, വെറും അവകാശമല്ല," സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ടോമി പിഗോട്ട് പത്രത്തോടു പറഞ്ഞു. അമേരിക്കക്കാർക്കു മുൻഗണന എന്ന മുദ്രാവാക്യം അംഗീകരിച്ചാണ് ട്രംപിനെ ജനം ജയിപ്പിച്ചു വിട്ടതെന്നു വൈറ്റ് ഹൗസ് വക്താവ് അബീഗയിൽ ജാക്‌സണും പറഞ്ഞു.
അതേ സമയം, അപേക്ഷകർ കുറഞ്ഞതാണോ കാരണം എന്ന കാര്യത്തിൽ വ്യക്തത നൽകുന്ന കണക്കുകൾ ഇല്ലെന്നു നിസ്‌കാനൻ സെന്ററിലെ സെസിലിയ എസ്റ്റെർലൈൻ പറയുന്നു. പക്ഷെ വിസ നൽകുന്നത് കുറയ്ക്കാൻ ഭരണകൂടം സജീവമായി ശ്രമിക്കുന്നുമുണ്ട്.
Trump's visa curbs hit India, China hard