
ഇന്ത്യാ മഹാസമുദ്രത്തിൽ ചാഗോസ് ദ്വീപസമൂഹങ്ങളുടെ ഭാഗമായ ഡിയാഗോ ഗാർഷ്യയിൽ ഇറാന്റെ രണ്ടു ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായി അവിടെ സൈനിക താവളങ്ങളുള്ള ബ്രിട്ടനും അമേരിക്കയും ശനിയാഴ്ച്ച സ്ഥിരീകരിച്ചു. ഇറാനിൽ നിന്നു 3,800 കിലോമീറ്റർ അകലമുള്ള ദ്വീപിൽ അവർക്കു മിസൈൽ ആക്രമണം നടത്താൻ കഴിഞ്ഞു എന്നത് പാശ്ചാത്യ സഖ്യത്തെ ഞെട്ടിച്ചു. അവർക്കുണ്ടായിരുന്ന ധർണ ഇറാന്റെ മിസൈലുകൾ പോകുന്ന പരമാവധി ദൂരം 2,000 കിലോമീറ്ററാണ് എന്നായിരുന്നു.
രണ്ടു മിസൈലുകളും തടഞ്ഞെന്നു യുഎസ് ഉദ്യോഗസ്ഥർ വോൾ സ്ട്രീറ്റ് ജേർണലിനോടു പറഞ്ഞു. ഇത്ര ദൂരം എത്തുന്ന മിസൈലുകൾ ഇറാന്റെ കൈയ്യിൽ ഉണ്ടെന്നു അറിയില്ലായിരുന്നു എന്നാണ് അവർ പറയുന്നത്.
ഡിയാഗോ ഗാർഷ്യയിൽ നിന്നു ഇറാനെ ആക്രമിക്കാൻ യുഎസിനു അനുമതി കൊടുത്തെന്നു ബ്രിട്ടൻ വെള്ളിയാഴ്ച്ച രാത്രി സ്ഥിരീകരിച്ചതിനു പിന്നാലെ, അവിടെ ആക്രമണം വരുന്നുവെന്ന് ഇറാൻ താക്കീതു നൽകിയിരുന്നു. ഹോർമുസിൽ ഇറാന്റെ കുരുക്കഴിക്കാനാണ് യുഎസ് ഈ അനുമതി തേടിയത്.
എന്നാൽ ബ്രിട്ടീഷ് താവളങ്ങളിൽ നിന്നു ഇറാനെ ആക്രമിക്കുന്നതു ജീവനാശത്തിനു കാരണമാവുമെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാർമറോടായി പറഞ്ഞു. ബ്രിട്ടീഷ് താവളങ്ങളിൽ നിന്നു ആക്രമണം നടത്താൻ യുഎസിന് അനുമതിയുണ്ടെന്നു സ്റ്റാർമറുടെ ഓഫിസ് പറഞ്ഞിരുന്നു.
വിദൂര ലക്‌ഷ്യം, കരുത്തിന്റെ സന്ദേശം
യുഎസിനു പുറത്തു രാജ്യത്തിനുള്ള ഏറ്റവും അമൂല്യമായ താവളമാണ് ഡിയാഗോ ഗാർഷ്യ എന്നാണ് നിരീക്ഷകർ പറയുന്നത്. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലേക്ക് യുഎസിന് എത്തിപ്പിടിക്കാൻ കഴിയുന്ന ഇടമാണിത്. അത്ര ദൂരെ അടിക്കാൻ കഴിഞ്ഞ ഇറാൻ നൽകുന്ന സന്ദേശം കരുത്തിന്റേതു തന്നെ.
ചാഗോസ് ദ്വീപ് മൊറീഷ്യസിനു നൽകാൻ ബ്രിട്ടൻ തയാറായതാണ്. എന്നാൽ ഡിയാഗോ ഗാർഷ്യ വിട്ടു കൊടുക്കരുതെന്നു ട്രംപ് നിഷ്കർഷിച്ചു.
ആണവ കേന്ദ്രത്തിൽ ആക്രമണം
ഇറാന്റെ സുപ്രധാന ആണവ കേന്ദ്രമായ നതാൻസിൽ ശനിയാഴ്ച്ച രാവിലെ യുഎസ്-ഇസ്രയേലി സേനകൾ ആക്രമണം നടത്തി. ആണവ ചോർച്ച ഇല്ലെന്നു അതിനു പിന്നാലെ ഇറാൻ അറിയിച്ചു.
ഉറച്ച പ്രതലങ്ങൾ തുളച്ചു കയറുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ ആക്രമണത്തിൽ ഉപയോഗിച്ചു എന്നു ഇസ്രയേലി മാധ്യമങ്ങൾ അറിയിച്ചു.
കഴിഞ്ഞ ജൂണിൽ ഈ കേന്ദ്രം തകർക്കാൻ യുഎസ്-ഇസ്രയേലി സഖ്യം ശ്രമിച്ചിരുന്നു. അന്നും ബങ്കർ ബസ്റ്റർ തന്നെ ഉപയോഗിച്ചു. പക്ഷെ നിലയത്തിനു കാര്യമായ കേടുപാടുകൾ ഉണ്ടായില്ലെന്നാണ് അന്താരാഷ്ട്ര ആണവ ഏജൻസി വിലയിരുത്തിയത്. 200 അടി താഴ്ചയിൽ വരെയാണ് ഈ ബോംബുകൾ എത്തുക. എന്നാൽ നിലയം 330 അടി താഴ്ചയിലാണ്.
Iran stuns with attack 4,000 km away