Image

ഡോ. വന്ദനാ ദാസ് കേസിലെ കോടതി വിധി നിരാശാജനകം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: ഐഎംഎ

Published on 21 March, 2026
ഡോ. വന്ദനാ ദാസ് കേസിലെ കോടതി വിധി നിരാശാജനകം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: ഐഎംഎ

തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലക്കേസിലെ കോടതിവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ . കേസിലെ പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എംഎന്‍ മേനോനും, സംസ്ഥാന സെക്രട്ടറി ഡോ. റോയി ആര്‍ ചന്ദ്രനും അറിയിച്ചു.

ഡോക്ടര്‍മാരേയും, ആശുപത്രി ജീവനക്കാരേയും സംരക്ഷിക്കുന്നതിന് വേണ്ടി പാസാക്കിയ ആശുപത്രി സംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിലെങ്കിലും ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ജീവഭയമില്ലാതെ രോഗികളെ ചികിത്സിക്കാനും, രക്ഷിക്കാനും സാധിക്കുകയുള്ളൂവെന്നും ഐഎംഎ പറഞ്ഞു.

കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇടപെടണമെന്ന് ഐഎംഎയുടെ വാർത്താകുറിപ്പ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഈ വിധി ഡോക്ടര്‍മാരുടേയും ആശുപത്രി ജീവനക്കാരുടേയും മനോവീര്യം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂ. പോലീസ് അറസ്റ്റ് ചെയ്ത് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ട് വന്ന പ്രതിയാണ് യാതൊരു പ്രകോപനവുമില്ലാതെ ജൂനിയര്‍ ഡോക്ടറായ വന്ദനാ ദാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക