
കാസർകോട്: ബൂത്ത് ലെവൽ ഓഫിസറായി ജോലി ചെയ്തിരുന്ന അധ്യാപകൻ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ സ്വദേശിയും ചെർക്കള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ സവാദാണ് മരിച്ചത്. മൊഗ്രാൽ പാലത്തിന് മുകളിൽ തൻ്റെ ബൈക്ക് നിർത്തിവച്ച ശേഷമാണ് ഇദ്ദേഹം പുഴയിലേക്ക് ചാടിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷാപ്രവർത്തനം നടത്തി ഗുരുതരാവസ്ഥയിൽ സവാദിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മികച്ച ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മികച്ച രീതിയിൽ അധ്യാപന രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം നാടിനെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി. ബിഎൽഒ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും അദ്ദേഹം മികച്ച രീതിയിലാണ് ചെയ്തുവന്നിരുന്നത്.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കടുംകൈക്ക് കാരണമെന്ന് കുറിപ്പിലുണ്ട്. എന്നാൽ ജോലി സമ്മർദത്തെ കുറിച്ച് ഇതിൽ പരാമർശമില്ലെന്ന് റിട്ടേണിങ് ഓഫിസർ ബിനു ജോസഫ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു. അധ്യാപകന് ജോലി സമ്മർദം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. പൊലീസിൻ്റെയും തെരഞ്ഞെടുപ്പ് കമ്മിഷൻ്റെയും അന്വേഷണം ഈ വിഷയത്തിലുണ്ടാകും. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കും.
സവാദിൻ്റെ മരണം കേവലമൊരു ആത്മഹത്യയല്ലെന്നും സിസ്റ്റം കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിൻ്റെ പ്രധാന ആരോപണം. ബിഎൽഒ എന്ന നിലയിലുള്ള അധിക ചുമതലകൾ സവാദിന് വലിയ തോതിൽ ജോലി സമ്മർദം ഉണ്ടാക്കിയിരുന്നു. അധ്യാപനത്തിന് പുറമെ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കേണ്ടതിൻ്റെ മാനസിക ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചിരുന്നു. ഈ അമിതമായ സമ്മർദമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് സവാദിനെ നയിച്ചതെന്ന് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിരന്തര സമ്മർദം അന്വേഷണ വിധേയമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ജില്ല കലക്ടർ നേരിട്ടെത്തി ചർച്ച നടത്താതെ സവാദിൻ്റെ മൃതദേഹം ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബന്ധുക്കൾ. സവാദിൻ്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു