
ലോകത്തെ എണ്ണവിപണിയെ പിടിച്ചുലച്ച ഇറാൻ-യുഎസ് സംഘർഷത്തിനിടെ നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്ക. ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന കർശന ഉപരോധത്തിൽ യുഎസ് താൽക്കാലിക ഇളവ് അനുവദിച്ചു. ഇറാനും ഇസ്രായേലും അമേരിക്കയും ഉൾപ്പെട്ട യുദ്ധം ആഗോളതലത്തിൽ സൃഷ്ടിച്ച ഇന്ധനപ്രതിസന്ധി പരിഹരിക്കാനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം.
പുതിയ ഉത്തരവ് പ്രകാരം മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാനിയൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും ഇനി തടസ്സമുണ്ടാകില്ല. ഏപ്രിൽ 19 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. യുദ്ധം കാരണം എണ്ണവില കുതിച്ചുയരുന്നത് തടയാനും വിപണിയിൽ സ്ഥിരത ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു.
മിഡിൽ ഈസ്റ്റിലെ സൈനിക നീക്കങ്ങൾ ഏകദേശം ലക്ഷ്യത്തോടടുക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണ വിപണിയിലെ ആശങ്കയകറ്റാൻ ഉപരോധത്തിൽ ഇളവ് നൽകിയത്. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ഉത്തരവാദിത്തം ഇനി മറ്റ് രാജ്യങ്ങൾ കൂടി ഏറ്റെടുക്കണമെന്ന് ട്രംപ് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 28 മുതൽ തുടരുന്ന യുദ്ധം മൂലം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കാൻ ഈ ഒരു മാസത്തെ ഇളവ് വലിയ തോതിൽ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്