
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ ആലോചിക്കുന്നുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച്ച സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാൻ നിയന്ത്രണത്തിലാക്കിയ ഹോർമുസ് കടലിടുക്കു തുറക്കാൻ യുഎസിനു കഴിയാത്ത സാഹചര്യത്തിൽ അതിനുള്ള ശ്രമം നടത്താൻ ചൈന, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് അദ്ദേഹം നിർദേശിച്ചു.
ഹോർമുസിൽ കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കെ ആഗോള വിപണിയിൽ എണ്ണ വില ഉയരുകയും മാന്ദ്യം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധിക്കു സാധ്യത ഏറുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങൾ പറയുന്നു. നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ യുദ്ധത്തോട് കടുത്ത എതിർപ്പ് ഉയർന്നിട്ടുമുണ്ട്.
ഹോർമുസ് തുറപ്പിക്കാൻ ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നു ട്രംപ് താക്കീതു നൽകിയിരുന്നു. എന്നാൽ ഖാർഗിൽ ഇറാൻ വിപ്ലവസേന ഐ ആർ ജി സിയുടെ ഉഗ്രമായ ചെറുത്തു നിൽപ് ഉണ്ടാവുമെന്ന ഉപദേശം അദ്ദേഹത്തിനു ലഭിച്ചു. നവംബറിനപ്പുറം നീളുന്ന കരയുദ്ധവും സൈനികരുടെ നഷ്ടവും ഉണ്ടാവാം. ഇറാന്റെ ഏറ്റവും വലിയ കയറ്റുമതി തുറമുഖത്തു എണ്ണ കേന്ദ്രങ്ങൾക്കു നാശം സംഭവിക്കാം. അത് ഊർജ പ്രതിസന്ധി രൂക്ഷമാക്കും.
സൈനിക നടപടിയുടെ ലക്ഷ്യങ്ങൾ നേടുന്നതിനോട് യുഎസ് വളരെ അടുത്തുവെന്നു ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഇറാന്റെ മിസൈൽ ശേഖരം നശിപ്പിച്ചു, പ്രതിരോധ വ്യവസായം തുടച്ചു നീക്കി, നേവിയും എയർ ഫോഴ്‌സും ഇല്ലാതാക്കി, ആണവായുധം ഉണ്ടാക്കാനുള്ള കഴിവും നശിപ്പിച്ചു. "അതു കൊണ്ടു സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് ആലോചിക്കുന്നു.
എന്നാൽ ടെഹ്റാനിലെ 'ഭീകര ഭരണകൂടത്തെ' ഇല്ലായ്‌മ ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തെ കുറിച്ചു ട്രംപ് മൗനം പാലിച്ചു.
ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങൾ അതിനു കാവൽ നിൽക്കണമെന്നു ട്രംപ് പറഞ്ഞു. "ഞങ്ങൾ അത് ഉപയോഗിക്കുന്നില്ല! മറ്റു രാജ്യങ്ങൾ സഹായം ചോദിച്ചാൽ നൽകാം. എന്നാൽ ഇറാന്റെ ഭീഷണി ഒഴിവാകുമ്പോൾ പിന്നെ ഹോർമുസ് പ്രശ്നമാവില്ല."
US mulls 'winding down' Iran Op