Image

ലോകത്തെ വിസ്മയിപ്പിച്ച ആക്ഷൻ ഹീറോ: വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു; അനുസ്മരിച്ച് അക്ഷയ് കുമാർ

Published on 20 March, 2026
 ലോകത്തെ വിസ്മയിപ്പിച്ച ആക്ഷൻ ഹീറോ:  വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു; അനുസ്മരിച്ച് അക്ഷയ് കുമാർ

വാഷിങ്ടണ്‍: വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു. 86 വയസ്സായിരുന്നു. ലോകത്തെ വിസ്മയിപ്പിച്ച ആക്ഷൻ ഹീറോയും ആയോധനകലയിലെ ഇതിഹാസവുമായ അദ്ദേഹം കരുത്തുറ്റ ശൈലിയും വിനയപൂർണ്ണമായ പെരുമാറ്റവും കൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ആക്ഷൻ സിനിമകളുടെ ഒരു കാലഘട്ടത്തിന് തന്നെ അന്ത്യം കുറിച്ചുകൊണ്ടാണ് ഈ ഇതിഹാസം വിടവാങ്ങുന്നത്. 'വാക്കര്‍ ടെക്‌സാസ് റേഞ്ചര്‍' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായ ചക്ക് നോറിസ് , കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായാണ് അറിയപ്പെട്ടിരുന്നത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഹവായിലെ കവായ് ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രാര്‍ഥനയും പിന്തുണയുമായി നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. അത്യന്തം ദുഃഖപൂരിതമായ സമയത്ത് തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'വാക്കർ, ടെക്സാസ് റേഞ്ചർ'  എന്ന ടെലിവിഷൻ പരമ്പരയിലൂടെ ചക്ക് നോറിസ്  അമേരിക്കൻ പോപ്പുലർ കൾച്ചറിലെ സ്ഥിരസാന്നിധ്യമായി മാറി. 'മിസ്സിംഗ് ഇൻ ആക്ഷൻ', 'ദ ഡെൽറ്റ ഫോഴ്സ്' എന്നിവയും ശ്രദ്ധേയ  ചിത്രങ്ങളാണ് .

ആക്ഷൻ സിനിമകൾക്ക് പുറമെ, ഇന്റർനെറ്റിലെ 'ചക്ക് നോറിസ് ഫാക്ട്സ്'' എന്നറിയപ്പെടുന്ന തമാശകളിലൂടെയും മീമുകളിലൂടെയും യുവതലമുറയ്ക്കിടയിലും അദ്ദേഹം ഏറെ പ്രിയങ്കരനായിരുന്നു.

 

അനുസ്മരിച്ച് അക്ഷയ് കുമാർ

 

 

 

ബോളിവുഡ് താരം അക്ഷയ് കുമാർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നോറിസിന് വികാരാധീനമായ ആദരാഞ്ജലി അർപ്പിച്ചു. "ചക്ക് നോറിസിന്റെ സിനിമകൾ കാണുന്നത് വെറും വിനോദമായിരുന്നില്ല, അതൊരു വിദ്യാഭ്യാസമായിരുന്നു"  അക്ഷയ് കുറിച്ചു. 

"ഒരു ആയോധനകലാ വിദ്യാർത്ഥിയായി വളരുമ്പോൾ, ചക്ക് നോറിസിന്റെ 'വേ ഓഫ് ദ ഡ്രാഗൺ', 'മിസ്സിംഗ് ഇൻ ആക്ഷൻ' തുടങ്ങിയ സിനിമകൾ കാണുന്നത് എനിക്ക് വെറും വിനോദമായിരുന്നില്ല, അതൊരു വിദ്യാഭ്യാസമായിരുന്നു, സ്ക്രീനിൽ അദ്ദേഹം പ്രകടിപ്പിച്ച അച്ചടക്കവും കരുത്തും തന്റെ കരിയറിനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച'തായും അക്ഷയ് കൂട്ടിച്ചേർത്തു.

തന്റെ ആയോധനകലയിലെ അച്ചടക്കവും കരുത്തും രൂപപ്പെടുത്തുന്നതിൽ നോറിസ് വലിയ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും ആയോധനകല അഭ്യസിക്കുന്നവർക്ക് ഒരു 'പാഠപുസ്തകം' തന്നെയായിരുന്നു അക്ഷയ് കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക