
ന്യൂഡൽഹി: ഭാര്യ പാചകം ഉൾപ്പെടെ വീട്ടുജോലികൾ വേണ്ടത്ര ചെയ്യുന്നില്ല എന്ന ആരോപണത്തെ ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ക്രൂരതയുടെ പേരിൽ ഭർത്താവ് വിവാഹമോചനം തേടിയ കേസിൻ്റെ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.
സാമൂഹിക മാനദണ്ഡങ്ങൾ മാറിയത് പോലെ ഗാർഹിക കാര്യങ്ങളിൽ ഭർത്താക്കന്മാരും ഉത്തരവാദിത്തം പങ്കിടണമെന്ന് ബെഞ്ച് പറഞ്ഞു. നിങ്ങൾ ഒരു വേലക്കാരിയെയല്ല വിവാഹം കഴിക്കുന്നത് മറിച്ച് ഒരു ജീവിത പങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും ഇന്നത്തെ കാലം വ്യത്യസ്‌തമായതിനാൽ പാചകം, വൃത്തിയാക്കൽ തുടങ്ങിയ ഗാർഹിക കാര്യങ്ങളിൽ ഭർത്താവ് ഭാര്യയെ സഹായിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
അടുത്ത തീയതിയിൽ കക്ഷികളോട് നേരിട്ട് ഹാജരാകാൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, സുപ്രീം കോടതി കക്ഷികളെ മധ്യസ്ഥതയ്ക്കായി വിളിച്ചിരുന്നു. എന്നാൽ മധ്യസ്ഥത ചർച്ച പരാജയപ്പെടുകയായിരുന്നു. 2017 ൽ വിവാഹിതരായ ദമ്പതികൾക്ക് എട്ട് വയസുള്ള ഒരു മകനുണ്ട്. വിവാഹം കഴിഞ്ഞ് ഒരു ആഴ്‌ചയ്ക്കുള്ളിൽ ഭാര്യയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായും അവൾ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയതായും ആരോപിച്ചാണ് ഭർത്താവ് വിവാഹമോചന നടപടികൾ ആരംഭിച്ചത്.
ഭാര്യ തനിക്കും മാതാപിതാക്കൾക്കും എതിരെ മോശം ഭാഷ ഉപയോഗിച്ചുവെന്നും കുടുംബത്തിന് വേണ്ടി പാചകം ചെയ്യാൻ വിസമ്മതിച്ചുവെന്നും കുട്ടിയുടെ തൊട്ടിൽ ചടങ്ങിന് പോലും തന്നെ ക്ഷണിച്ചില്ലെന്നുമാണ് ഭർത്താവ് പരാതിപ്പെട്ടത്. തുടർന്ന് കുടുംബ കോടതി ഭർത്താവിൻ്റെ അപേക്ഷ ശരിവയ്ക്കുകയും വിവാഹമോചനത്തിന് അനുവദിക്കുകയും ചെയ്‌തു.
എന്നാൽ ഭർത്താവിൻ്റെ ആരോപണങ്ങളെ ഭാര്യ പൂർണമായും തള്ളി. ഭർത്താവിൻ്റേയും കുടുംബത്തിൻ്റേയും സമ്മതത്തോടെയാണ് പ്രസവത്തിനായി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതെന്നും തൊട്ടിൽ ചടങ്ങിൽ പങ്കെടുക്കാൻ അവർ വിസമ്മതിക്കുകയും പകരം മാതാപിതാക്കളിൽ നിന്ന് പണവും സ്വർണ്ണവും ആവശ്യപ്പെട്ടുവെന്നും ആരോപിച്ചു.
തുടർന്ന് കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത് കൊണ്ട് ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകുകയും ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്‌തു. ഹൈക്കോടതിയുടെ വിധിയിൽ അതൃപ്‌തി പ്രകടിപ്പിച്ച ഭർത്താവ് പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.