
ന്യൂഡൽഹി: ഇസ്രയേൽ-ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ഓസ്‌കാർ നോമിനേഷൻ നേടിയ ടുണീഷ്യൻ ചിത്രം 'ദ വോയ്സ് ഓഫ് ഹിന്ദ് രജബ്' ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) തടഞ്ഞതായി റിപ്പോർട്ട്.
മുംബൈ ആസ്ഥാനമായ ജയ വിരാത്ര എന്റർടെയ്ൻമെന്റിന്റെ പ്രതിനിധി മനോജ് നന്ദ്വാനയാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ചിത്രം പുറത്തിറക്കിയാൽ ഇന്ത്യ-ഇസ്രയേൽ ബന്ധം ബാധിക്കുമെന്ന ആശങ്കയാണ് അനുമതി നിഷേധത്തിന് പിന്നിലെന്നാണ് അദ്ദേഹത്തിന് ലഭിച്ച വിശദീകരണം.
ഫെബ്രുവരിയിൽ ചിത്രം സെൻസർ ബോർഡിന് സമർപ്പിച്ചതായും മാർച്ച് മധ്യത്തോടെ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെന്നും നന്ദ്വാന പറഞ്ഞു.
സംവിധായിക കൗതർ ബെൻ ഹാനിയ ഒരുക്കിയ ചിത്രം, 2024 ജനുവരിയിൽ ഗാസ സിറ്റിയിൽ നടന്ന ബോംബാക്രമണത്തിനിടെ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ഹിന്ദ് രജബിന്റെ ജീവിതമാണ് പ്രമേയമാക്കുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവൾ നടത്തിയ ഫോൺ സംഭാഷണത്തിന്റെ യഥാർത്ഥ ഓഡിയോ ഉപയോഗിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഈ ചിത്രം മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള ഓസ്‌കാർ നോമിനേഷൻ നേടിയിരുന്നുവെങ്കിലും പുരസ്‌കാരം നേടാനായില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 2023 ഒക്ടോബർ 7-നുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ പ്രതികരണം അറിയിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. പിന്നീട് ഫെബ്രുവരിയിൽ മോഡി ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും നിരവധി കരാറുകൾ ഒപ്പുവെക്കുകയും ചെയ്തിരുന്നു. 2025-ൽ ഇന്ത്യൻ പൊലീസ് സംവിധാനത്തെ വിമർശിക്കുന്ന 'സന്തോഷ്' എന്ന ചിത്രത്തിന്റെ റിലീസും ബോർഡ് ഇത്തരത്തിൽ തടഞ്ഞിരുന്നു.
അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ മാത്രമാണ് തടസ്സം നേരിടുന്നതെന്ന് വിതരണക്കാർ ആരോപിക്കുന്നു.
സംഭവത്തിൽ സിബിഎഫ്‌സി ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല