
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പ്രിന്റു ചെയ്തത് ഒരു ലക്ഷം പോസ്റ്ററുകള്‍. ഈ പോസ്റ്ററുകളെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. 2500 ഫ്‌ലക്‌സ് ബോര്‍ഡുകളും അടിച്ചിരുന്നു. മന്ത്രി വിഎന്‍ വാസവനെതിരെ ഏറ്റുമാനൂര്‍ മണ്ഡലത്തിലേക്ക് ജോസഫ് വാഴയ്ക്കനെയാണ് കോണ്‍ഗ്രസ് തുടക്കം മുതലേ സജീവമായി പരിഗണിച്ചിരുന്നത്.
കാഞ്ഞിരപ്പള്ളിയിലേക്ക് പരിഗണിച്ചാലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മണ്ഡലത്തിന്റെ പേരു വെക്കാതെയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ രണ്ടു മണ്ഡലങ്ങളിലും ജോസഫ് വാഴയ്ക്കന് സീറ്റു ലഭിച്ചില്ല. ഇതോടെ അച്ചടിച്ച പോസ്റ്ററുകള്‍ ഉപയോഗശൂന്യമായി. വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും അനുയായികള്‍ പറഞ്ഞു.
ഏറ്റുമാനൂരില്‍ ഒറ്റപ്പേരെന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് ഫ്ലക്സും പോസ്റ്ററും തയാറാക്കിയതെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമുണ്ടെന്നും ജോസഫ് വാഴയ്ക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം മുതല്‍ തന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞത്. ഇക്കാര്യം തന്നോടു സൂചിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങാനും പോസ്റ്റുകളും ഫ്ലക്സും പ്രിന്റ് ചെയ്യാനും പറഞ്ഞു. അതുകൊണ്ടാണ് വന്‍ തുക ചിലവഴിച്ച് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
സമയക്കുറവ് കണക്കിലെടുത്ത് വേഗത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുക ലക്ഷ്യമിട്ടാണ് പോസ്റ്ററുകളെല്ലാം പ്രഖ്യാപനം വരുന്നതിനു മുമ്പേ അടിച്ചത്.
എന്നെ ഞാൻ ആക്കിയ പ്രസ്ഥാനത്തിന് വേണ്ടി എന്നാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാൻ ഇന്നലെകളിൽ എന്ന പോലെ ഇനിയും നിലകൊള്ളുക എന്നതാണ് നിലപാടെന്ന് ജോസഫ് വാഴയ്ക്കൻ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.