Image

പാർട്ടി തീരുമാനത്തിനൊപ്പം ; യുഡിഎഫ് നൂറിലധികം സീറ്റ് നേടുമെന്ന് അടൂർ പ്രകാശ്

Published on 20 March, 2026
 പാർട്ടി തീരുമാനത്തിനൊപ്പം ; യുഡിഎഫ് നൂറിലധികം സീറ്റ് നേടുമെന്ന്  അടൂർ പ്രകാശ്

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കേരളത്തിലെ ജനങ്ങൾ യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എല്ലാ ജില്ലകളിലും വൻ മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുള്ള പ്രവർത്തനമായിരിക്കും കാഴ്ചവെക്കുകയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നതായി അടൂർ പ്രകാശ് വ്യക്തമാക്കി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടിയാണ് വലുതെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. തന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണകൾ ഒഴിവാക്കാനാണ് നീക്കം ചെയ്തതെന്നും, പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോന്നി സീറ്റുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ പരാതിയുമില്ലെന്നും താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ തന്നെയാണ് പാർട്ടി അംഗീകരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നിലവിൽ ഒരു ആശങ്കയുമില്ലെന്നും മുന്നണിക്കുള്ളിൽ ഒരുതരത്തിലുള്ള കാലുവാരലും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക