
ഇറാൻ യുദ്ധത്തിന്റെ ആവശ്യത്തിനായി പെന്റഗൺ $200 ബില്യൺ ആവശ്യപ്പെട്ടുവെന്നു ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തു യുദ്ധത്തിനുള്ള പിന്തുണ പരിമിതമാണെന്ന വാസ്തവം നിലനിൽക്കെയാണ് ഈ ആവശ്യം.
"തെമ്മാടികളെ കൊല്ലാൻ പണച്ചെലവുണ്ട്," ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് വ്യാഴാഴ്ച്ച പത്രസമ്മേളനത്തിൽ പറഞ്ഞു. "$200 ബില്യൺ എന്ന സംഖ്യയ്ക്കു മാറ്റം വരാം."
യുഎസിന്റെ പ്രതിരോധ ബജറ്റിന്റെ നാലിലൊന്നു വരുന്ന ഈ തുക മിതവാദികളായ റിപ്പബ്ലിക്കൻ നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. മെയ്‌നിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ് പറഞ്ഞു: "ഞാൻ പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണിത്. പക്ഷെ വിശദാംശങ്ങൾ എനിക്കറിയില്ല." വൈറ്റ് ഹൗസ് ആവശ്യം കോൺഗ്രസിന് അയച്ചിട്ടില്ലെന്നു സെനറ്റ് അപ്പ്രോപ്രിയേഷൻസ് കമ്മിറ്റി ചെയർ കൂടിയായ കോളിൻസ് പറഞ്ഞു.
അത്തരമൊരു ആവശ്യം അംഗീകരിക്കുന്നതിനു മുൻപ് ഭരണകൂടം കോൺഗ്രസിനെ കാര്യങ്ങൾ വിശദമായി ബോധ്യപ്പെടുത്തണമെന്നു അലാസ്‌കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിസ മൂർക്കോവ്സ്കി പറഞ്ഞു. "വെറുതെ വന്നങ്ങു ചോദിച്ചാൽ കിട്ടുന്നതല്ല ആ പണം."
എത്ര കാലത്തേക്കാണ് ഈ പണമെന്നു വ്യക്തമായിട്ടില്ല. ഏതെല്ലാം വിധത്തിലുളള ചെലവുകൾക്കാണെന്നും വ്യക്തമല്ല.
ഇറാഖ് യുദ്ധത്തിന് യുഎസ് 13 വർഷം കൊണ്ടു നേരിട്ടു ചെലവിട്ടതു $815 ബില്യൺ ആയിരുന്നു എന്നാണ് കോൺഗ്രസിന്റെ കണക്ക്.
2022ൽ റഷ്യൻ ആക്രമണം ഉണ്ടായ ശേഷം യുക്രൈനെ സഹായിക്കാൻ യുഎസ് $188 ബില്യൺ നൽകി എന്നാണ് സർക്കാർ രേഖകളെ ആശ്രയിച്ചു കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസ് നൽകിയ റിപ്പോർട്ട്. അത് പല ഘട്ടങ്ങളായാണ് നൽകിയത്.
ഇറാൻ യുദ്ധത്തിന് ആദ്യ ആറു ദിവസം കൊണ്ടു $11.3 ബില്യൺ ചെലവായെന്നു പെന്റഗൺ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. യുദ്ധം കടുപ്പിക്കും എന്നാണ് പ്രസിഡന്റ് ട്രംപ് അതിനു ശേഷം പറഞ്ഞിട്ടുള്ളത്. ആർമിയെ അയക്കുന്ന കാര്യം വരെ പരിഗണനയിലുണ്ട്.
വേഗത്തിൽ യുദ്ധം തീർക്കുമെന്നു പറയാനും ട്രംപ് മടിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ $200 ബില്യൺ ചോദിക്കുമ്പോൾ ആ സാധ്യത മങ്ങുന്നു.
Pentagon seeks $200 billion for ' Mideast war