
2024-ൽ മാത്രം ലോകത്തിന്റെ വിവിധയിടങ്ങളിലായി അഞ്ചുവയസ്സിൽ താഴെയുള്ള നാൽപ്പത്തിയൊൻപത് ലക്ഷം കുട്ടികൾ മരണമടഞ്ഞുവെന്ന് വിവിധ ഐക്യരാഷ്ട്രസഭ. മാർച്ച് 18 ബുധനാഴ്ച യൂണിസെഫ്, ലോകാരോഗ്യസംഘടന, ലോക ബാങ്ക്, സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് എന്നീ സംഘടനകൾ സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ടിലൂടെയാണ്, ലോകത്ത് കുട്ടികൾ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് ഐക്യരാഷ്ട്രസഭ വിശദീകരിച്ചത്.
2000-മാണ്ടിനെ അപേക്ഷിച്ച് ശിശുക്കളുടെ മരണനിരക്ക് പകുതിയിലധികം കുറഞ്ഞുവെങ്കിലും 2015-ന് ശേഷം ഈ നിരക്ക് കുറയുന്ന തോതിൽ അറുപത് ശതമാനം മാന്ദ്യം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കി. 2024-ൽ മാത്രം പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം അഞ്ചുവയസ്സിൽ താഴെയുള്ള ഒരു ലക്ഷത്തിലധികം കുട്ടികളാണ് മരണമടഞ്ഞത്.
കൊച്ചുകുഞ്ഞുങ്ങളാണ് മരണമടഞ്ഞ കുട്ടികളിൽ പകുതിയുമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന റിപ്പോർട്ട്, മുപ്പത്തിയാറ് ശതമാനം കുട്ടികൾ മാസമെത്തുന്നതിന് മുൻപുള്ള ജനനം മൂലവും, ഇരുപത്തിയൊന്ന് ശതമാനം കുട്ടികൾ പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ മൂലവുമാണ് മരണമടഞ്ഞതെന്ന് വിശദീകരിക്കുന്നു.
ഒരു മാസം കഴിഞ്ഞ കുട്ടികളിൽ, മലേറിയ, വയറിളക്കം, ന്യുമോണിയ തുടങ്ങിയവയാണ് മരണത്തിന്റെ പ്രധാന കാരണങ്ങൾ. ഇത്തരക്കാരിൽ പതിനേഴ് ശതമാനവും മലേറിയ മൂലമാണ് മരിക്കുന്നത്.
സഹാറയ്ക്ക് താഴെയുള്ള പ്രദേശങ്ങളിൽനിന്നുള്ളവരാണ് 2024-ലെ മരണമടഞ്ഞ കുഞ്ഞുങ്ങളിൽ അൻപത്തിയെട്ട് ശതമാനവും. ദക്ഷിണേഷ്യയിൽനിന്നുള്ളവരാണ് ഇരുപത്തിയഞ്ച് ശതമാനം.
അഞ്ചുവയസ്സ് മുതൽ ഇരുപത്തിയഞ്ച് വയസ്സുവരെയുള്ള ഇരുപത്തിയൊന്ന് ലക്ഷത്തോളം ആളുകളും 2024-ൽ മരണമടഞ്ഞിരുന്നു. ഇവരിൽ കുട്ടികളുടെ മരണത്തിന് പിന്നിൽ പകർച്ചവ്യാധികളും പരിക്കുകളുമാണ്. അതേസമയം, പതിനഞ്ച് മുതൽ പത്തൊൻപത് വരെയുള്ള കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ആത്മഹത്യയാണ് കൂടുതൽ മരണകാരണമായതെന്നും, അതേസമയം ആൺകുട്ടികളുടെ മരണത്തിന് പിന്നിലെ പ്രധാന കാരണം റോഡപകടങ്ങളാണെന്നും സംഘടനകൾ തങ്ങളുടെ റിപ്പോർട്ടിലൂടെ വിശദീകരിച്ചു.