
എബി കയറി ചെല്ലുമ്പോൾ ബീന കമ്പ്യൂട്ടറിനു മുൻപിലിരുന്ന് എന്തോ തിരക്കിട്ടു ടൈപ്പ് ചെയ്യുകയായിരുന്നു. താൻ ചെന്നത് അറിഞ്ഞു കൊണ്ടാവണം അവൾ വേഗം ആ സ്ക്രീൻ ഹൈഡ് ചെയ്തു എന്ന് എബിക്ക് തോന്നി. അയാൾ ഒന്നും മിണ്ടിയില്ല.
അവളുടെ ബാല്യകാലം ഒട്ടും സന്തോഷകരമായിരുന്നില്ല എന്ന് എബിക്ക് അറിയാമായിരുന്നു. അമ്മയുടെ മരണത്തിൽ തകർന്നുപോയ ആ മനസ്സിൻറെ സൂക്ഷ്മതലങ്ങളിലെ മുറിവുകളിൽ ഇപ്പോഴും ചോര പൊടിക്കുന്നുണ്ടെന്നും, അവ ഉണങ്ങാൻ ഇനിയും കാലങ്ങൾ വേണ്ടിവരുമെന്നും അയാൾ മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ അവളുടെ സ്വഭാവത്തിലെ പ്രത്യേകതകൾ മനസിലാക്കാനും അംഗീകരിക്കാനും ഡോക്ടർ കൂടിയായ എബി തയ്യാറായിരുന്നു. .
കംപ്യുട്ടർ ഷട്ട് ഡൌൺ ചെയ്തിട്ട് ബീന എഴുന്നേറ്റു. എബി തലയിണ ഉയർത്തി വെച്ച് അതിൽ ചാരി ഇരിക്കയായിരുന്നു അപ്പോൾ. ബീന കിടക്കയുടെ മറ്റേ അരികിൽ വന്നു ഇരുന്നു. അയാൾ അൽപനേരം അവൾ എന്തെങ്കിലും പറയുമോ എന്ന് നോക്കിയിരുന്നു. അവളൊന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ ചോദിച്ചു:
'എന്താ ഇന്ന് ഇവിടെ സംഭവിച്ചത്? നീയെന്താ എന്നോട് പറയാഞ്ഞത്?’
കുറെ ഏറെ നേരം ബീന ഒന്നുംപറയാതെ ഇരുന്നു. എന്തൊക്കെയോ വിചാരങ്ങൾ അവളുടെ മനസ്സി നെ മഥിക്കുന്നത് അവളുടെ മുഖത്ത് കാണാമായിരുന്നു. കുറെക്കഴിഞ്ഞ്, അവളുടെ മൗനം എബിയെ ശുണ്ഠിപിടിപ്പിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും, അവൾ പറയാൻ തുടങ്ങി.
'ഞാൻ ഇവിടെ ഇരിക്കയായിരുന്നു. അമ്മച്ചിയും ചേച്ചിയും കിച്ചണിൽ പണിക്കാരി വന്നിട്ടില്ല എന്നൊക്കെ പറയുന്നത് കേട്ടു. അത് കേട്ടുകൊണ്ടാണ് ഞാൻ താഴേക്കു ചെന്നത്. അപ്പോൾ പുറത്തു ഗേറ്റിനടുത്തായി നിൽക്കുകയായിരുന്നു അവർ.'
ഒരു നിമിഷത്തേക്ക് അവളുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു.
'ആര്?’ എബി അങ്ങനെ ചോദിച്ചപ്പോൾ എന്താണ് പറയേണ്ടത് എന്ന സംശയം അവളുടെ കണ്ണുകളിലേക്കു ഇരച്ചു കയറി. ആ സംശയം എബി കണ്ടു.
‘ആര് വനജയോ?' എബി എടുത്തു ചോദിച്ചു...
ബീന എബിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് ഉൾക്കൊള്ളാനാവുമോ, എന്നൊരു ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു
‘പറഞ്ഞോളൂ.... എന്തായാലും... നിനക്ക് പറയാനുള്ളത് ഞാൻ അറിയേണ്ടേ?’
ഒരു ദീർഘനിശ്വാസത്തോടെ, നിങ്ങൾ വിശ്വസിക്കില്ല എന്ന് എനിക്കറിയാം എന്ന ഒരു ഭാവത്തോടെ അവൾ പറഞ്ഞു
'ഞാൻ ഓടി ചെന്നപ്പോഴേക്കും എന്നെ അവർ വട്ടം പിടിച്ചു. ബഹളമായി... ചേച്ചിയും അമ്മച്ചിയുo ഓടി വന്നു.'
എബി മിണ്ടിയില്ല. എന്താണ് ഇവൾ പറയുന്നത്? ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്? വനജ അവിടെ വന്ന് ഒളിച്ചിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കാനാണ്? വനജ എന്തിനു അങ്ങനെ ചെയ്യണം?
അതോ, അമ്മച്ചി സൂചിപ്പിച്ചതുപോലെ ബീനയ്ക്കു എന്തെങ്കിലും വിഭ്രാന്തി? പഴയ രോഗാവസ്ഥ തിരിച്ചു വരികയാണോ?
'നീ വനജയെ ഇവിടെ വരുന്നതിനു മുൻപ് അറിയുമോ?' എബി ചോദിച്ചു.
ഉണ്ടെന്നോ, ഇല്ലെന്നോ പറയാതെ ബീന തലയാട്ടി.
'എവിടെവെച്ച്? മലേഷ്യയിൽ വെച്ചാണോ?' എബി അവളോട് ചോദിച്ചു.
'ങും ങും ...അതിനു... വനജയല്ല.'
'ങേ?' എബി അദ്ഭുതപ്പെട്ടു പോയി.
'നീ എന്താ ഇപ്പറയുന്നതു? വനജയല്ലേ? പിന്നെ?’
എബി വീണ്ടും ചോദിച്ചു.
‘അവിടെ വേറെ ആരും ഇല്ലായിരുന്നല്ലോ...’
എന്ന് വെച്ചാൽ എബി താൻ പറയുന്നത് തീരെയും വിശ്വസിക്കുന്നില്ല എന്നല്ലേ അർഥം, ബീന ഓർത്തു.
‘നീ പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല. ഞാനൊന്നു കിടക്കട്ടെ, ഇന്നലെ ഒരുപാടു പേഷ്യൻറ്സ് ഉണ്ടായിരുന്നു.'
എബി തലയിണ നേരെ വെച്ച് ചെരിഞ്ഞു കിടന്നു.
ബീനയുടെ മുഖത്തു കാളിമ പരന്നു. നിസ്സഹായതയും നിരാശയുo അവിടെ തളം കെട്ടി. ഇതാണ്, ഇതുകൊണ്ടാണ് ഞാൻ ഒന്നും പറയാത്തത്... എന്ന് അയാളോടും എല്ലാവരോടുമായി വിളിച്ചു കൂവണമെന്നുണ്ടായിരുന്നു അവൾക്ക്. ഞാൻ പറഞ്ഞാൽ, നിങ്ങൾ വിശ്വസിക്കില്ല. എൻറെ താളം തെറ്റിയ മനസിൻറെ വെറും തോന്നലുകളായേ നിങ്ങൾ കരുതൂ.
എബിയോട് പലപ്പോഴും പലതും പറയണമെന്നു കരുതുമെങ്കിലും അവൾക്കു അതിനു കഴിയാറില്ല. എന്തോ ഒരു ഭയം... തനിക്കു പറയാനുള്ള കഥകൾ, അപസർപ്പക നോവ ലുകളിലേതുപോലെ ബീഭത്സമായ അനുഭവങ്ങൾ എബി എങ്ങനെ ഉൾക്കൊള്ളുമെന്ന പേടി... എബി മാത്രമല്ലാ, ആ കുടുംബവും.
സന്തോഷത്തോടെ, ഒത്തൊരുമയോടെ ഒതുങ്ങി ജീവിക്കുന്ന കൊച്ചു കുടുംബം ആണത്... വലിയ ധനവന്മാരൊന്നും അല്ലെന്നേയുള്ളൂ... പരസ്പരം സ്നേഹിച്ച്, ഒത്തൊരുമയോടെ ജീവിക്കുന്ന അംഗങ്ങൾ. ‘വീട്ടു പേര് പോലെ തന്നെ ഒരു ഏദൻ. സ്നേഹത്തിൻറെയും കരുതലിൻറെയും ഏദൻ’ വിവാഹ ആലോചനയുടെ സമയത്തു ദല്ലാൾ പറഞ്ഞത് അവൾ ഓർത്തു.....
തനിക്കു ലഭിക്കാതെപോയ സ്നേഹവും കരുതലും അവിടെ നിന്ന് കിട്ടുമെന്ന് കരുതി. മലേഷ്യ വിട്ടു പോരുമ്പോൾ ഈ സ്നേഹക്കൂട്ടിൽ താൻ സുരക്ഷിതയായിരിക്കും എന്ന് കരുതി.
പക്ഷെ, വന്നു കയറിയപ്പോൾ മുതൽ അറിയുന്നു ഒരു തരം അരക്ഷിതാവസ്ഥ. ഏതോ അത്യാപത്തു തന്നെ വിഴുങ്ങാൻ വായ് പിളർന്നു നിൽക്കുന്നു എന്ന തോന്നൽ... ആരേയും വിശ്വസിക്കരുത് എന്ന് ആരോ ഉള്ളിൽ ഇരുന്നു പറയുന്നു. സ്വന്തം എന്ന് കരുതുന്നവരെപ്പോലും. മനസ്സിൽ കനത്തു നിൽക്കുന്നത് അശുഭചിന്തകളും ദുസൂചനകളുമാണ്... കാർമേഘങ്ങൾക്കു പിന്നിൽ സ്വച്ഛസുന്ദരമായ, മനോജ്ഞമായ നീലവാനo ഉണ്ടെന്നറിയാം. പക്ഷെ, ആ തെളിനീലിമ തെല്ലുപോലും പുറത്തേക്ക് വരാൻ അനുവദിക്കാതെ കാർമേഘങ്ങൾ നിരന്നു നിൽക്കുകയാണ്.
ബീന അയാളുടെ അടുത്തായി കുറേനേരം ഇരുന്നു.
എബിയുടെ ചോദ്യമായിരുന്നു അവളുടെ മനസ്സിൽ. വനജയെ താൻ ഇവിടെ വരുന്നതിനു മുൻപ് കണ്ടിട്ടുണ്ടോ?
ആ മുഖം.... ചുണ്ടിനു മുകളിലായി ഇടതുവശത്തായി മറുക്... കൃത്യമായി ഓർക്കാൻ കഴിയുന്നില്ല...
എങ്കിലും മറ്റൊരു മുഖം, മറക്കാൻ കഴിയാത്ത ഒരു മുഖം അവളുടെ ഉള്ളിൽ തെളിഞ്ഞു.. ചുണ്ടിനു മുകളിൽ മറുകുള്ള മുഖം... തൻറെ, തൻറെ മാത്രമല്ല, തൻറെ കുടുംബത്തിൻറെയും ജീവിതം തകർത്തു കളഞ്ഞ മുഖം...
കാലിൽ ചിലങ്ക കെട്ടിയാടുന്ന ഒരു നർത്തകിയുടെ രൂപം...
പെട്ടെന്ന്, എവിടെ നിന്നോ ഒരു ചിത്രം മനസ്സിലേക്കോടിയെത്തി. വിവാഹം കഴിഞ്ഞ ആദ്യത്തെ ദിവസങ്ങളിൽ രാജീവിൻറെ വീട്ടിൽ പോയപ്പോൾ അവരുടെ സ്വീകരണമുറിയിൽ കണ്ട വനജയുടെ നൃത്തവേഷത്തിലുള്ള ചിത്രം....
കരൾ പറിക്കുന്ന ഓർമ്മകൾ നെഞ്ചിൽ കലമ്പി.
മലേഷ്യ... ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ബംഗ്ലാവ്... വിശാലമായ ബെഡ്റൂമിൽ ഇളം നീല നിറത്തിലുള്ള ഗൗൺ അണിഞ്ഞ് ബെഡിൽ ചെരിഞ്ഞു കിടക്കുന്ന മമ്മി... ചുണ്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചുവപ്പ്...
ടി.വിയിൽ സുന്ദരിയായ നർത്തകി ആടി തിമിർക്കുകയാണ്...
ചുണ്ടിനു മുകളിൽ മറുക്...
ഒരു തേങ്ങൽ അവളുടെ ചുണ്ടോളമെത്തി. ചുണ്ടുകൾ കടിച്ചമർത്തി ആ തേങ്ങൽ ഒതുക്കി അവൾ എഴുന്നേ റ്റ് വീണ്ടും കമ്പ്യൂട്ടറിൻറെ അടുത്തേക്ക് പോയി.
എബി അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു.
Read More: https://www.emalayalee.com/writer/69