Image

സെനറ്റ് മത്സരത്തിൽ രാജ കൃഷ്ണമൂർത്തിയുടെ തോൽവി നൽകുന്ന പാഠങ്ങൾ

പി പി ചെറിയാൻ Published on 19 March, 2026
സെനറ്റ് മത്സരത്തിൽ രാജ കൃഷ്ണമൂർത്തിയുടെ തോൽവി നൽകുന്ന പാഠങ്ങൾ

ഷിക്കാഗോ: കോൺഗ്രസംഗം രാജ കൃഷ്ണമൂർത്തി  ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ   വൻ തുക പ്രചാരണത്തിനായി ചിലവഴിച്ചിട്ടും ലെഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റണോട് പരാജയപ്പെട്ടത് ചിന്തിക്കേണ്ട വിഷയമായി .  ഇതോടെ  അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള കൃഷ്ണമൂർത്തിയുടെ ചരിത്രപരമായ നീക്കത്തിന് താൽക്കാലികമായി വിരാമമായി.

ട്രംപിന്റെ അനുയായികളിൽ നിന്നും ഇമിഗ്രേഷൻ എൻഫോഴ്സ്‌മെന്റുമായി  ബന്ധമുള്ള കമ്പനികളിൽ നിന്നും കൃഷ്ണമൂർത്തി ഫണ്ട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇത് ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ അദ്ദേഹത്തിന് തിരിച്ചടിയായി.

ഇലനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറുടെ ശക്തമായ പിന്തുണ ജൂലിയാന സ്ട്രാറ്റണ് ഗുണകരമായി. സംഘ പരിവാർ അനുകൂല നിലപാടുകളുടെ പേരിൽ കൃഷ്ണമൂർത്തി നേരത്തെയും വിമര്ശനം നേരിട്ടിരുന്നു.

കൃഷ്ണമൂർത്തി ഏകദേശം 30 മില്യൺ ഡോളറിലധികം പ്രചാരണത്തിനായി ചിലവഴിച്ചപ്പോൾ, സ്ട്രാറ്റൺ വളരെ കുറഞ്ഞ തുക മാത്രമാണ് ചിലവഴിച്ചത്. പണം കൊണ്ട് മാത്രം വിജയം നേടാനാവില്ലെന്ന് ഈ ഫലം തെളിയിച്ചു.
കറുത്തവർഗക്കാരുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ കൃഷ്ണമൂർത്തിയുടെ അനുകൂലികൾ ശ്രമിച്ചെന്ന ആരോപണവും സ്ട്രാറ്റണ് അനുകൂലമായ വികാരം സൃഷ്ടിക്കാൻ കാരണമായി.

തന്റെ പരാജയം അംഗീകരിച്ച കൃഷ്ണമൂർത്തി, ഒരു കുടിയേറ്റക്കാരനായ തനിക്ക് രാജ്യത്തെ സേവിക്കാൻ അവസരം നൽകിയ അമേരിക്കയ്ക്ക് നന്ദി പറഞ്ഞു. ഡെമോക്രാറ്റുകൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക