
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ‘ജനങ്ങൾക്ക് എന്നെ അറിയാം. വെറുതേ ഫ്ലെക്‌സും ബാനറുകളും സ്ഥാപിച്ചു ധൂർത്ത് നടത്തേണ്ട കാര്യമില്ല’, ചാണ്ടി ഉമ്മൻ പറഞ്ഞു. മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ടുതേടും. ബാനറുകൾക്കും ബോർഡുകൾക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവർക്കു വീടുവച്ചു നൽകാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലെക്സിനും പോസ്റ്ററിനും പകരം മണ്ഡലത്തിൽ ഉടനീളം കൈപ്പത്തി ചിഹ്നം പതിക്കും. ഭവനരഹിതരില്ലാത്ത പുതുപ്പള്ളിയെന്ന ലക്ഷ്യത്തിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷനിലൂടെ വീടുകൾ നിർമിക്കുന്നതിന്റെ ചെലവിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ട് കൂടി വകയിരുത്തുകയാണ് ചാണ്ടിയുടെ ലക്ഷ്യം..
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 50 വീടുകളിൽ 47 എണ്ണം പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ച 25 വീടുകൾക്ക് തറക്കല്ലുമിട്ടു. പുതുപ്പള്ളി, വാകത്താനം, അയർക്കുന്നം, മണർകാട്, പാമ്പാടി പഞ്ചായത്തുകളിലായാണ് വീടുകൾ നിർമിക്കുന്നത്.