
മലപ്പുറം: മുസ്‌ലിം ലീഗ് വിട്ട് ഇടതുസ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മാധ്യമങ്ങളെ നേരിട്ടുകണ്ട് മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ രണ്ടത്താണി. ആദർശപരമായി താൻ ലീഗുകാരനാണെന്നും ഇന്നുവരെ ആ ട്രാക്കിൽനിന്ന് തെറ്റിപ്പോയിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖാനിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എൽഡിഎഫ് സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ കാര്യങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രകടമാണെന്നാണ് അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞത്. ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ ചിലരുടെ താത്പര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചെന്ന് പറഞ്ഞല്ലോ, എന്താണ് ആ താത്പര്യമെന്ന ചോദ്യത്തിന് അതൊക്കെ എല്ലാവർക്കും സ്വാഭാവികമായി അറിയുന്ന കാര്യമാണെന്നായിരുന്നു മറുപടി. ഒരു പാർട്ടിക്കാരൻ എന്ന നിലയിലുള്ള വികാരം മാത്രമാണ് പ്രകടിപ്പിച്ചത്. ആദർശപരമായി താൻ ലീഗുകാരനാണ്. ഇന്നുവരെ ആ ട്രാക്കിൽനിന്ന് തെറ്റിപ്പോയിട്ടുള്ള ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാക്കളുമായി നല്ല ബന്ധമാണെന്നും രണ്ടത്താണി പറഞ്ഞു. അതേസമയം അബ്ദുറഹ്മാൻ രണ്ടത്താണിയുമായുള്ള ചർച്ച തള്ളാതെ സിപിഎം. യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പി.ബി അംഗം എ.വിജയരാഘവൻ പറഞ്ഞു. രണ്ടത്താണിയുടെ അതൃപ്തി ചെറിയ കാര്യമല്ലെന്നും രണ്ടത്താണി ലീഗിനെ പ്രതിരോധിച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ രണ്ടത്താണി നേരത്ത രംഗത്ത് എത്തിയിരുന്നു. ഈ അതൃപ്തി മുതലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അബ്ദുറഹ്മാന്‍ പറഞ്ഞത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ സിപിഎം സമീപിക്കുന്നത്.
ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിൻ്റെ ഉള്ളടക്കം. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അത് തിരുത്തുകയും ചെയ്തു. എന്നാൽ, ഇന്ന് രാവിലെ വീണ്ടും സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി അബ്ദുറഹിമാൻ രണ്ടത്താണി പരസ്യമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
അതേസമയം മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ അതൃപ്തിയും പാര്‍ട്ടി കേള്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കാര്യമായ ആലോചനകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി, നൂര്‍ബിന റഷീദ് എന്നിവരുടേത് വൈകാരിക പ്രകടനമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സീറ്റ് ഇല്ലാ എന്നതിനര്‍ഥം അകറ്റിനിര്‍ത്തുന്നുവെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയെന്നും അറിയുന്നു. ഇടതു സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത നേരത്തെ അബ്ദുറഹിമാന്‍ രണ്ടത്താണി മാധ്യമങ്ങളെ കണ്ടപ്പോള്‍ തള്ളിക്കളഞ്ഞിരുന്നില്ല.