
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) കൊല്ലം ചാപ്റ്ററിന്റെ നേതൃത്വത്തിൽ, ഡോൺ ബോസ്കോ കോളേജ്, കൊട്ടിയം, ഡോ. ആര്യ എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ, കൊട്ടാരക്കര എന്നിവയുടെ സഹകരണത്തോടെ മാർച്ച് 17-ന് ഡോൺ ബോസ്കോ കോളേജ് ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര സാമൂഹ്യ പ്രവർത്തന ദിനം ആചരിച്ചു.
ഈ വർഷത്തെ സോഷ്യൽ വർക്ക് ദിന തീം ആയ “Co-Building Hope & Harmony: A Harambee Call to Unite a Divided Society” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രോഗ്രാം. പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. തുടർന്ന് KAPS വൈസ് പ്രസിഡന്റ് ഫാ. ജോബി മാത്യു സ്വാഗതം ആശംസിച്ചു. അധ്യക്ഷതയും അദ്ദേഹം വഹിച്ചു. ജൂവനൈൽ ജസ്റ്റിസ് ബോർഡ് അംഗവും എഴുത്തുകാരിയുമായ മീന കുമാരി എം.എസ്. ഉദ്ഘാടനം നിർവഹിച്ചു.

തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, ആധുനിക ജീവിതത്തിലെ വേഗതയേറിയ സാഹചര്യത്തിൽ സമാധാനവും സന്തോഷവും കുറയുന്നുവെന്നും, സാമൂഹിക ചികിത്സയുടെ ആവശ്യകത ഉയരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ശാരീരിക രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി മാനസികവും മാനവികവുമായ പ്രശ്നങ്ങൾ സഹാനുഭൂതിയോടും മനസ്സിലാക്കലോടും കൂടി സമീപിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. സമൂഹത്തിലെ വ്യക്തികളുടെ ക്ഷേമത്തിനായി സാമൂഹ്യ പ്രവർത്തകരുടെ പങ്ക് അത്യന്താപേക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
KAPS ജോയിന്റ് സെക്രട്ടറി ജാസ്മിൻ ആർ. പെരേരയുടെ നേതൃത്വത്തിൽ ഹരാംബി പ്രമേയത്തോടനുബന്ധിച്ച പ്രൊഫഷണൽ പ്രതിജ്ഞയും കൈക്കൊണ്ടു.
KAPS ട്രഷറർ മാത്യു തോമസ് ഇടക്കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. നിലവിലെ സാഹചര്യത്തിൽ കേരള സോഷ്യൽ വർക്ക് ആക്ടിന്റെ അവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ്യതയില്ലാത്ത വ്യക്തികളും മറ്റും സാമൂഹ്യ പ്രവർത്തന മേഖലയെ ദുരുപയോഗം ചെയ്യുന്നതിലൂടെ ആശയക്കുഴപ്പം, നൈതിക പ്രശ്നങ്ങൾ, പിന്നാക്ക വിഭാഗങ്ങളുടെ ചൂഷണം എന്നിവ ഉണ്ടാകുന്നതായി അദ്ദേഹം വ്യക്തമാക്കി. നിയമപരമായ നിയന്ത്രണവും ഉത്തരവാദിത്വവും “സോഷ്യൽ വർക്കർ” എന്ന പദവിക്ക് ടൈറ്റിൽ പ്രൊട്ടക്ഷനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക, യുകെ, കാനഡ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ “സോഷ്യൽ വർക്കർ” എന്ന പദവി നിയമപരമായി സംരക്ഷിക്കപ്പെട്ടതാണ്. എന്നാൽ ഇന്ത്യയിൽ സാമൂഹ്യ സേവനവും പ്രൊഫഷണൽ സോഷ്യൽ വർക്കും തമ്മിലുള്ള വ്യത്യാസം വ്യക്തമായിട്ടില്ലാത്തതിനാൽ പലരും ഈ പദവി തെറ്റായി ഉപയോഗിക്കുന്നതിലൂടെ പ്രൊഫഷണൽ നിലവാരം ക്ഷയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സോഷ്യൽ വർക്ക് ആക്ട് 2026 നടപ്പിലാക്കുന്നതിനായി KAPS സംസ്ഥാന മാനേജിംഗ് കമ്മിറ്റി സംസ്ഥാനതല പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ നയരൂപകരുടെ മുൻപിൽ നിർദ്ദേശം സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തുടർന്ന് KAPS സെക്രട്ടറി ഷൈൻ വയലയുടെആശംസ പ്രസംഗം നടന്നു. KAPS പ്രസിഡന്റ് ഡോ. ആര്യനാഥ് വി. നന്ദിപ്രസംഗം നടത്തി ഔപചാരിക സമ്മേളനം സമാപിച്ചു.
തുടർന്ന് Cue Craft Foundation ഡയറക്ടർ ജിബു കൊച്ചുചിറയുടെ നേതൃത്വത്തിൽ നാടക വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കൊല്ലം ജില്ലയിലെ വിവിധ സോഷ്യൽ വർക്ക് കോളേജുകളിൽ നിന്ന് 50-ലധികം വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. സൃഷ്ടിപരമായ ഇടപെടലുകൾ സാമൂഹ്യ പ്രവർത്തനത്തിൽ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്നത് ഊന്നിപ്പറഞ്ഞുകൊണ്ട് പരിപാടി വിജയകരമായി സമാപിച്ചു