
ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്തീബിനെ ചൊവാഴ്ച്ച രാത്രി നടത്തിയ ആക്രമണത്തിൽ വധിച്ചെന്നു ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഏതാനും മുതിർന്ന ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടു.
സുരക്ഷാ സെക്രട്ടറി അലി ലാറിജനിയുടെ വധത്തിനു പിന്നാലെ ഉണ്ടായ ഈ കൊലപാതകത്തിനു തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.
ചൊവാഴ്ച്ച രാത്രിയും ബുധനാഴ്ച്ച പുലർച്ചെയും ടെൽ അവീവിൽ ഇറാൻ കനത്ത ആക്രമണം നടത്തി. രണ്ടു പേർ കൊല്ലപ്പെട്ടു.
ഇറാഖിൽ യുഎസ് എംബസി ആക്രമിച്ച ഇറാൻ സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യു എ ഇ എന്നിവിടങ്ങളിലും ആക്രമണം തുടർന്നു. ഇറാനിൽ നിന്നു വന്ന 13 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും തടുത്തതായി യു എ ഇ അറിയിച്ചു.
വെടിനിർത്തലിനു ശ്രമിക്കുന്നുവെന്നു ചൈന
മിഡിൽ ഈസ്റ്റിൽ യുദ്ധവിരാമത്തിനു ചൈന ശ്രമം തുടരുന്നുവെന്നു വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു. യു എ ഇ പ്രസിഡന്റിന്റെ പ്രത്യേക ദൂതനെ സ്വീകരിച്ച അദ്ദേഹം, യു എ ഇയുടെ സുരക്ഷ ഉറപ്പാക്കാൻ ചൈനയ്ക്കു താത്പര്യമുണ്ടെന്ന് വ്യക്തമാക്കി.
"ഈ യുദ്ധം ഉണ്ടാവാൻ പാടില്ലായിരുന്നു," വാങ് യി പറഞ്ഞു. "അത് തുടരുന്നതിന് ഒരു കാരണവും ഇല്ല."
അരാംകൊ തുറന്നു
മാർച്ച് 2നു മിസൈൽ അടിച്ച ശേഷം അടച്ചിട്ട സൗദി അറേബ്യൻ അരാംകൊയുടെ റാസ് താനുറ റിഫൈനറി 13നു തുറന്നുവെന്നു ചൊവാഴ്ച്ച അറിയിപ്പുണ്ടായി.
ഇറാന്റെ തെക്കുള്ള പാർസ് ഗ്യാസ് ഫീൽഡിൽ യുഎസ്-ഇസ്രയേലി ആക്രമണം ഉണ്ടായെന്നു ഫാർസ് ന്യൂസ് ഏജൻസി പറഞ്ഞു. തീ പടരാതിരിക്കാൻ റിഫൈനറിയുടെ ഏതാനും ഭാഗങ്ങൾ അടച്ചിട്ടു.
Iran Intelligence Minister Esmail Khatib killed