Image

വിമാനയാത്രക്കാർക്ക് ആശ്വാസം: ഇഷ്ടമുള്ള സീറ്റിന് അധിക ചാർജ് നൽകേണ്ട, കുടുംബങ്ങള്‍ക്ക് അടുത്തിരിക്കാം; ഉത്തരവുമായി ഡി.ജി.സി.എ

Published on 18 March, 2026
വിമാനയാത്രക്കാർക്ക്  ആശ്വാസം:  ഇഷ്ടമുള്ള സീറ്റിന്  അധിക ചാർജ്  നൽകേണ്ട, കുടുംബങ്ങള്‍ക്ക്  അടുത്തിരിക്കാം;  ഉത്തരവുമായി ഡി.ജി.സി.എ

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാനയാത്രക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരവുമായി ഡി.ജി.സി.എ.  സൗജന്യ സീറ്റുകള്‍, സീറ്റിങ്അറേഞ്ച്‌മെന്റ് എന്നിവയെല്ലാം സ്വാധീനിക്കുന്ന നിര്‍ണായക ഉത്തരവാണ്   ഡി.ജി.സി.എ ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം വിമാനത്തിലെ 60 ശതമാനം സീറ്റുകള്‍ സൗജന്യമായിരിക്കണമെന്ന് ഡി.ജി.സി.എ നിര്‍ദേശിക്കുന്നു. നേരത്തെ വിമാനത്തിലെ കുറച്ച് സീറ്റുകള്‍ മാത്രമാണ് കമ്പനികള്‍ സൗജന്യമായി നല്‍കിയിരുന്നത്. ബാക്കിയുള്ള സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് പ്രത്യേക പണം നല്‍കേണ്ടിയിരുന്നു. ഉത്തരവ് നടപ്പിലാവുന്നതോടെ വിമാനത്തിലെ 60 ശതമാനം സീറ്റുകളും പ്രത്യേക പണമൊന്നും നല്‍കാതെ തന്നെ ആളുകള്‍ക്ക് ബുക്ക് ചെയ്യാം.

ഇതിനൊപ്പം ഒരേ പി.എന്‍.ആര്‍ നമ്പറില്‍ വരുന്ന ടിക്കറ്റുള്ളവര്‍ക്ക് അടുത്തടുത്ത സ്ഥലങ്ങളില്‍ സീറ്റ് നല്‍കണമെന്നും ഉത്തരവിലുണ്ട്. ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് അടുത്തടുത്ത സീറ്റുകളിലിരുന്ന് യാത്ര ചെയ്യാന്‍ ഇത് സഹായിക്കും. 

വിമാനം വൈകല്‍, റദ്ദാക്കല്‍, ബോര്‍ഡിങ് നിഷേധിക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് എന്തൊക്കെ അവകാശങ്ങളുണ്ടെന്ന് വെബ്‌സൈറ്റിലും ആപിലും വിമാന കമ്പനികള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. പ്രാദേശിക ഭാഷകളിലും ഇക്കാര്യം പ്രദര്‍ശിപ്പിക്കണമെന്ന് ഡി.ജി.സി.എ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം സംഗീത, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ എന്നിവ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും ഡി.ജി.സി.എ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക