
എഐഎഡിഎംകെ നേതാവും രാജ്യസഭാ എം.പിയുമായ സി.വി. ഷണ്മുഖം നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ‘നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ’ എന്ന ജനക്ഷേമ പദ്ധതിയെ പരിഹസിക്കുന്നതിനിടെ നടി നയൻതാരയുടെ പേര് വലിച്ചിഴച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
വിഴുപ്പുറം ജില്ലയിൽ നടന്ന പാർട്ടി പ്രതിഷേധ പരിപാടിക്കിടെ, “എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ഒരാൾക്ക് നയൻതാരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കിൽ സ്റ്റാലിൻ അത് നടത്തിക്കൊടുക്കുമോ?” എന്നായിരുന്നു സർക്കാർ പദ്ധതിക്കെതിരെ നടത്തിയ പ്രതികരണം. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിന് പകരം ഒരു സ്ത്രീയെയും നടിയെയും ഇത്തരത്തിൽ അധിക്ഷേപിച്ചത് പൊതുസമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിവാദപരാമർശം നടത്തിയ ഷൺമുഖത്തിനെതിരെ ദക്ഷിണേന്ത്യൻ ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് പ്രതിഷേധവുമായി എത്തി. എം.പിയുടെ വാക്കുകൾ അങ്ങേയറ്റം അപകീർത്തികരവും ലജ്ജാകരവുമാണെന്ന് എസ്.ഐ.എ.എ. പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ, പ്രത്യേകിച്ച് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ, പൊതുവേദികളിൽ സംസാരിക്കുമ്പോൾ മാന്യത പാലിക്കണമെന്ന് സംഘടന ഓർമിപ്പിച്ചു. ഇന്ദിരാഗാന്ധി, ജയലളിത തുടങ്ങിയ ശക്തരായ വനിതാനേതാക്കളുടെ മാതൃകകൾ രാഷ്ട്രീയത്തിലുള്ളപ്പോൾ, സിനിമാമേഖലയിലെ സ്ത്രീകളെ ഇത്തരത്തിൽ തരംതാഴ്ത്തി സംസാരിക്കുന്നത് എന്ത് രാഷ്ട്രീയമര്യാദയാണെന്ന് സംഘടന ചോദിച്ചു.
ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ എംപിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് തമിഴ്‌നാട്ടിലെ സ്ത്രീസമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിഎംകെ വക്താക്കൾ ആരോപിച്ചു. മുൻപും സമാനമായ രീതിയിൽ സ്റ്റാലിനെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള ഷണ്മുഖത്തിന്റെ ഈ പുതിയ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ.