Image

മൊജ്തബ ഖമനേയി റഷ്യയിൽ ചികിത്സയിൽ; ഇറാൻ നേതാവിനെ രഹസ്യമായി കടത്തി?

Published on 18 March, 2026
മൊജ്തബ ഖമനേയി റഷ്യയിൽ ചികിത്സയിൽ;  ഇറാൻ നേതാവിനെ രഹസ്യമായി കടത്തി?

ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെ വിദഗ്ധ ചികിത്സയ്ക്കായി റഷ്യയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. കുവൈറ്റ് പത്രമായ ‘അൽ-ജരീദ’യാണ് ഈ വാർത്ത പുറത്തുവിട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ ചർച്ചയെത്തുടർന്ന്, പുടിന്റെ വ്യക്തിപരമായ താൽപ്പര്യപ്രകാരമാണ് മനേയിയെ മോസ്കോയിലേക്ക് മാറ്റിയതെന്നാണ് സൂചന.

വ്യാഴാഴ്ച ഒരു റഷ്യൻ സൈനിക വിമാനത്തിലാണ് 56-കാരനായ മൊജ്തബ ഖമനേയിയെ മോസ്കോയിൽ എത്തിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ റഷ്യൻ അധികൃതർ തയ്യാറായിട്ടില്ല. “ഇത്തരം റിപ്പോർട്ടുകളെക്കുറിച്ച് ഞങ്ങൾ ഒരിക്കലും പ്രതികരിക്കാറില്ല” എന്നാണ് റഷ്യൻ വക്താവ് ഡിമിത്രി പെസ്കോവ് വ്യക്തമാക്കിയത്.

മൊജ്തബ ഖമനേയിയുടെ പരിക്കിനെക്കുറിച്ച് വിവിധ മാധ്യമങ്ങൾ വ്യത്യസ്തമായ റിപ്പോർട്ടുകളാണ് നൽകുന്നത്. ഇറാൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്  ആക്രമണത്തിൽ ഖമനേയിക്ക് പരിക്കേറ്റിട്ടുണ്ട് എന്നും എന്നാൽ അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു എന്നുമാണ് . ദി ടെലിഗ്രാഫ് റിപ്പോർട്ട് പ്രകാരം, ആക്രമണം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഖമനേയി വസതിയിൽ നിന്ന് പുറത്തിറങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നും കാലിന് ചെറിയ പരിക്ക് മാത്രമേയുള്ളൂ എന്നുമാണ്.

അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത് ആക്രമണത്തിൽ ഖമനേയിയുടെ മുഖത്തിന് ഗുരുതരമായ പരിക്കേൽക്കുകയും വിരൂപമാവുകയും ചെയ്തുവെന്നാണ് .

 എന്നാൽ റഷ്യയിലെ ഇറാൻ അംബാസഡർ കാസിം ജലാലി ഈ വാർത്തകളെ പൂർണ്ണമായും തള്ളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക