
ന്യൂഡൽഹി ; സ്ത്രീകളുടെ ശമ്പളമില്ലാത്ത വീട്ടുജോലികളുടെയും പരിചരണത്തിന്റെയും സാമ്പത്തിക-സാമൂഹിക മൂല്യം ഉയർത്തിക്കാട്ടി സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജോലി ചെയ്യുന്ന സ്ത്രീകൾ ശരാശരി പുരുഷന്മാരേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദത്തെടുക്കുന്ന കുട്ടിയുടെ പ്രായം പരിഗണിക്കാതെ എല്ലാ അമ്മമാർക്കും പ്രസവാവധി ആനുകൂല്യങ്ങൾ ഉറപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവർക്ക് പ്രസവാവധി നിഷേധിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ കോടതി റദ്ദാക്കി. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ എൽ ഒ) പഠനങ്ങൾ ഉദ്ധരിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. ശമ്പളമില്ലാത്ത വീട്ടുജോലികൾ കൂടി കണക്കിലെടുക്കുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ സമയം അധ്വാനിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വീട്ടുജോലികളുടെയും പരിചരണത്തിന്റെയും ഉത്തരവാദിത്തം പ്രാഥമികമായി സ്ത്രീകളുടെ മേൽ ചുമത്തുന്ന സാമൂഹിക രീതിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കുട്ടികളെ വളർത്തുന്നതിനും പരിചരിക്കുന്നതിനുമായി സ്ത്രീകൾ പലപ്പോഴും തങ്ങളുടെ വരുമാനവും കരിയറിലെ പുരോഗതിയും ത്യാഗം ചെയ്യാറുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും മുതൽ മെഡിക്കൽ സന്ദർശനങ്ങളും ദൈനംദിന ഗാർഹിക ആവശ്യങ്ങളും കൈകാര്യം ചെയ്യുന്നത് വരെയുള്ള പരിചരണ പ്രവർത്തനങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണെന്നും എന്നാൽ പലപ്പോഴും അവ അംഗീകരിക്കപ്പെടുകയോ പ്രതിഫലം ലഭിക്കാതിരിക്കുകയോ ചെയ്യുന്നുവെന്ന് വിധിന്യായത്തിൽ ഊന്നിപ്പറഞ്ഞു.