Image

യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു വേണ്ടി സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി Published on 17 March, 2026
യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു വേണ്ടി സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി

 

വിശുദ്ധ നാട്ടിൽ അനുദിനം വർധിച്ചുവരുന്ന യുദ്ധ ഭീകരതയുടെ സാഹചര്യത്തിൽ, അന്നാട്ടിലെ ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും, അവരെ സഹായിക്കുവാനും ലോകമെമ്പാടുമുള്ള ക്രിസ്തീയ സമൂഹങ്ങളെ ക്ഷണിച്ചുകൊണ്ട്, ദുഃഖവെള്ളിയാഴ്ച ദിവസം, പ്രത്യേകമായ ധനസമാഹരണം നടത്തുവാൻ, പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി ഏവരെയും ആഹ്വാനം ചെയ്തു. കർത്താവായ യേശുവിന്റെ ജീവിതത്തിന് സാക്ഷ്യം വഹിച്ച സ്ഥലങ്ങളെ വളരെക്കാലമായി കാത്തുപരിപാലിക്കുന്ന  വിശുദ്ധ നാടിന്റെ  സംരക്ഷണത്തിന് ഈ ഒരു സഹായം ഏറെ ആവശ്യമാണെന്നും ഡികസ്റ്ററിയുടെ കത്തിൽ പ്രത്യേകം പറയുന്നു.

ഓരോ വർഷവും, ദുഃഖ വെള്ളിയാഴ്ച, ദേവാലയങ്ങളിലെ നേർച്ചപ്പണം, വിശുദ്ധനാടിനു വേണ്ടി പ്രത്യേകം നീക്കിവയ്ക്കുന്ന പതിവനുസരിച്ച് ഇക്കൊല്ലം കൂടുതൽ ഉദാരമായി സംഭാവന ചെയ്യാൻ വിശ്വാസികളെ പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി ആഹ്വാനം ചെയ്തു.

വിശുദ്ധനാട്ടിലെ  പല ക്രിസ്ത്യാനികൾക്കും തീർത്ഥാടകരുടെ സാന്നിധ്യത്തെ ആശ്രയിച്ചുള്ള ജോലി ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടുവെന്നും, യുദ്ധത്തിൽ നശിപ്പിക്കപ്പെട്ട, സ്കൂളുകൾ വീണ്ടും തുറക്കാനും,  പുതിയ വീടുകൾ നിർമ്മിക്കാനും, അവരെ സഹായിക്കേണ്ടത്, സഹോദരങ്ങളെന്ന നിലയിൽ ഏവരുടെയും ഉത്തരവാദിത്വമാണെന്നു, ഡിക്കസ്റ്ററി ചൂണ്ടിക്കാണിക്കുന്നു. ഇതേപ്പറ്റിയുള്ള അനുഭവങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കുവാനും, ചിത്രങ്ങളുടെയും, മറ്റു വാർത്തകളുടെയും അടിസ്ഥാനത്തിൽ സാഹചര്യങ്ങൾ ജനങ്ങൾക്ക് വിശദീകരിക്കുവാനും, ലോകമെമ്പാടുമുള്ള അജപലകരെ ഡിക്കസ്റ്ററി ക്ഷണിക്കുന്നു.

വിശുദ്ധ നാട്ടിൽ ഇല്ലാതാകുന്ന ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ആശ്വാസ വാക്കുകൾ കൊണ്ട് മാത്രമല്ല, നമ്മുടെ പ്രത്യാശ നിറഞ്ഞ പ്രവൃത്തികൾ മൂലം സഹായിക്കണമെന്നും, ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട്, ഡിക്കസ്റ്ററി അടിവരയിട്ടു. ഇന്നും ധൈര്യപൂർവം തങ്ങളുടെ വിശ്വാസത്തിൽ അടിയുറച്ചുകൊണ്ട്, വിശുദ്ധ നാട്ടിൽ തങ്ങുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചതും ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ക്ലാവുദിയൊ ഗുജെറോത്തി, സെക്രട്ടറി ആർച്ചുബിഷപ്പ് മൈക്കൽ ജലാഖ് എന്നിവർ ഒപ്പിട്ട കത്തിൽ അനുസ്മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക